‘ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ; ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ’; മുഖ്യമന്ത്രിക്ക് ഷുഹൈബിന്റെ സഹോദരിയുടെ കത്ത്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ സഹോദരിയുടെ കത്ത്. ആശ്രയവും അഭയവുമായിരുന്ന ഏക സഹോദരന്‍ മരിച്ച് പത്തു ദിവസം കഴിയുമ്പോഴാണു മുഖ്യമന്ത്രിക്ക് സുമയ്യ എന്ന 23കാരി തുറന്ന കത്തെഴുതിയത്. ‘ഞങ്ങളുടെ ഇക്ക കൊല്ലപ്പെട്ടവരുടെ പട്ടികയിലെ അവസാനത്തെ പേരാകട്ടെ’ എന്നാണ് സുമയ്യ കത്തില്‍ പറയുന്നത്. സുമയ്യ കത്ത് ഇന്നലെ തപാല്‍ മാര്‍ഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു.

കത്തിന്റെ ഉള്ളടക്കം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

നന്നായി എഴുതാനൊന്നും ഞങ്ങള്‍ക്കറിയില്ല. സങ്കടം മാത്രമാണു കുറച്ചു ദിവസമായി എനിക്കും ഇത്താത്തമാര്‍ക്കും ഉപ്പാക്കും ഉമ്മാക്കും ഈ വീട്ടിലേക്കു വരുന്നവര്‍ക്കുമെല്ലാം. ഷുഹൈബ്ക്ക ഞങ്ങള്‍ക്കു വലിയ തുണയായിരുന്നു. കൂട്ടായിരുന്നു. ഞങ്ങള്‍ക്കു പോലും അറിയാത്ത ഒരുപാടു പേര്‍ക്കു താങ്ങും തണലുമായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. ഇക്കയുടെ വേര്‍പാട് അറിഞ്ഞതു മുതല്‍ ഇങ്ങോട്ടെത്തുന്നവര്‍ അതു സാക്ഷ്യപ്പെടുത്തി. ഇക്ക ഇനി നമ്മുടെ കൂടെ ഇല്ല എന്നു വിശ്വസിക്കാന്‍ ഇന്നും ഞങ്ങള്‍ക്ക് ആര്‍ക്കും ആയിട്ടില്ല. എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ?

ഇനി ആരും മരിക്കരുത്. ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഞങ്ങള്‍ക്കു വേണ്ടി, ഞങ്ങളെപ്പോലെ ഒരുപാടു കുടുംബങ്ങള്‍ക്കു വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങള്‍ക്കു നല്‍കാമോ?

എന്ന് സുമയ്യ.

1

 

Top