സിന്ധുജോയി കല്ല്യാണ തിരക്കില്‍; നാളെ നടക്കുന്ന വിവാഹത്തില്‍ പഴയ സഖാക്കളെല്ലാമെത്തും

കൊച്ചി: ഒരു കാലത്ത് ഇടതു പ്രസ്ഥാനത്തിന്റെ തീപ്പൊരിയായിരുന്ന സിന്ധുജോയി കല്ല്യാണ തിരക്കിലാണ്. സുവിശേഷ പ്രഘോഷകനും യുകെയിലെ വ്യാവസായിയുമായ ശാന്തിമോന്‍ ജേക്കബ് ആണ് വരന്‍. നാളെ നടക്കുന്ന വിവാഹത്തിന്‍ മുഴുവന്‍ സുഹൃത്തുക്കളേയും പ്രതീക്ഷിച്ചിരിക്കുകയാണ് സിന്ധു ജോയി.

താന്‍ വളരെ എക്‌സൈറ്റഡ് ആണെന്നും മെയ് എട്ടിന് വിവാഹനിശ്ചയം കഴിഞ്ഞശേഷം താന്‍ ആകെ ത്രില്ലിലാണെന്നും വ്യക്തമാക്കുകയാണ് സിന്ധു. മെയ് 27ന് ശനിയാഴ്ച്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ഇംഗ്ലണ്ടില്‍ ബിസിനിസ് നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ശാന്തിമോന്‍ ജേക്കബാണ് വരന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമ്മളെ മനസ്സിലാക്കുന്ന ആള് വേണമെന്ന ആഗ്രഹം സാഫല്യത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് സിന്ധു. ഞാന്‍ വിവാഹത്തിലൂടെ ആഗ്രഹിക്കുന്നത് ഒരു നല്ല സൗഹൃദമാണ്. അതെനിക്കു ലഭിച്ചിട്ടുണ്ട്. എന്റെ അനിയനും അനിയത്തിക്കുമൊക്കെ ഞാന്‍ വിവാഹിതയാകാത്തതില്‍ വളരെ വിഷമമുണ്ടായിരുന്നു. പക്ഷെ ഈ വിവാഹ ആലോചന പെട്ടെന്ന് വന്നതാണ്. അദ്ദേഹത്തിന്റെ സത്യസന്ധതയാണ് എനിക്ക് ഏറെയിഷ്ടമായത്. ശാന്തിമോനുമായുള്ള വിവാഹത്തെ ഇങ്ങനെയാണ് സിന്ധു വിലയിരുത്തുന്നത്.

വിവാഹശേഷം ലണ്ടനിലേക്ക് പോകും. ശരിക്കും കേരളം വിട്ടു പോകാന്‍ പോലും ആഗ്രഹിക്കാത്ത ആളായിരുന്നു ഞാന്‍. പക്ഷെ ജീവിതത്തില്‍ കുറെ അഡ്ജസ്റ്റ്‌മെന്റൊക്കെ വേണമല്ലോ. ഇപ്പോള്‍ തന്നെ കുറച്ച് ലേറ്റ് മാരേജാണ്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെ കടന്നുപോകാന്‍ എനിക്കും ആഗ്രഹമുണ്ട്. അതുകൊണ്ട് ഞാനും അദ്ദേഹത്തോടൊപ്പം പോകും. പക്ഷെ വിവാഹ സര്‍ട്ടിഫിക്കറ്റൊക്കെ ലഭിച്ച് വിസ റെഡിയാകാനൊക്കെ കുറച്ച് സമയമെടുക്കും. മലയാള മനോരമയക്ക് നല്‍കിയ അഭിമുഖത്തിലാണ് സിന്ധു ഇക്കാര്യം വ്യക്തമാക്കിയത്.

ഏകാന്തത അനുഭവിക്കുന്ന രണ്ടുപേര്‍ ഒന്നിക്കാന്‍ തീരുമാനിക്കുന്നതാണ് ഈ വിവാഹമെന്നാണ് സിന്ധുവിന്റെ അഭിപ്രായം. അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നു. പക്ഷേ പെട്ടെന്നൊരു നാള്‍ ഭാര്യ പള്ളിയില്‍ വച്ചു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അതോടെ അദ്ദേഹം ആകെ തകര്‍ന്നു, ആ വിഷമത്തില്‍ ”മിനി, ഒരു സക്രാരിയുടെ ഓര്‍മ” എന്ന പേരില്‍ ഒരു പുസ്തകമൊക്കെ എഴുതിയിരുന്നു. ആ പുസ്തകം വായിച്ചതോടെ എനിക്ക് എന്തോ ഒരു പ്രത്യേക അടുപ്പം തോന്നി. ഇതേസമയത്ത് ഞാന്‍ എന്റെ അമ്മയെക്കുറിച്ചെഴുതിയ ഒരു അനുസ്മരണക്കുറിപ്പ് അദ്ദേഹവും വായിച്ചിരുന്നു. അങ്ങനെയാണ് നഷ്ടങ്ങളില്‍ വേദനിക്കുന്ന രണ്ടുപേര്‍ ഒന്നിച്ചാലോ എന്ന് അദ്ദേഹം ആലോചിക്കുന്നത്. ഈ അടുപ്പം വിവാഹത്തിലേക്കെത്തുകയും ചെയ്തു.

മൂന്നുമാസം മുമ്പാണ് ഇത്തരമൊരു പ്രൊപ്പോസല്‍ വന്നതെന്ന് സിന്ധു വ്യക്തമാക്കുന്നു. അപ്പോള്‍ എനിക്കു തോന്നി ഒരുവര്‍ഷമായി എനിക്കറിയാവുന്ന ആ നല്ല സുഹൃത്തിനെ ജീവിത പങ്കാളിയാക്കാമെന്ന്. പിന്നീട് വീട്ടുകാരോടും സഭാനേതൃത്വത്തോടുമൊക്കെ ആലോചിച്ചാണ് വിവാഹം എന്ന തീരുമാനത്തിലേക്കെത്തുന്നത്. എല്ലാവര്‍ക്കും അത്രയേറെ സന്തോഷമുണ്ടായിരുന്നു. അദ്ദേഹം നാട്ടില്‍ വന്നിട്ടുള്ള സമയം കൂടിയായതിനാല്‍ പെട്ടെന്നു തന്നെ വിവാഹം കഴിക്കാം എന്നു തീരുമാനിച്ചു. കുട്ടനാട് ഇടത്വ സ്വദേശിയാണ് അദ്ദേഹം. കാക്കനാട് ഒരു ഫ്‌ളാറ്റുണ്ട്. അവിടെയാണ് നാട്ടില്‍ വരുമ്പോള്‍ താമസിക്കുക.

എന്റെ സഹോദരന്റെ ഫ്‌ളാറ്റും അദ്ദേഹത്തിന്റെ ഫ്‌ളാറ്റുമെല്ലാം അടുത്തടുത്താണ്. അദ്ദേഹത്തിന് അമ്മയും സഹോദരങ്ങളുമാണുള്ളത്.- സിന്ധു ശാന്തിമോന്റെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് ഇങ്ങനെ.
വിവാഹത്തിന് ഗൗണാണ് ധരിക്കുന്നതെന്നും അഭിമുഖത്തില്‍ സിന്ധു വെളിപ്പെടുത്തുന്നുണ്ട്. കൊച്ചിയിലെ ഒരു ബുട്ടിക്കില്‍ പ്രത്യേകം ഡിസൈന്‍ ചെയ്തതാണ്. സ്വര്‍ണം പരമാവധി കുറയ്ക്കുകയാണ്. താലിമാല അത്യാവശ്യമായതിനാല്‍ അത് മാത്രമേ സ്വര്‍ണമുള്ളൂ. ബാക്കിയെല്ലാം വൈറ്റ് മെറ്റലാണെന്നും സിന്ധു വ്യക്തമാക്കുന്നുണ്ട്. എന്റെ വിവാഹവസ്ത്രങ്ങളെല്ലാം വാങ്ങിത്തരുന്നത് അദ്ദേഹമാണ്. ചെരുപ്പ് വരെ. അത് വലിയ സ്‌നേഹസമ്മാനമായി കാണുന്നു. ഇന്ന് സ്ത്രീകളുടെ വീട്ടില്‍ ചെന്ന് ഡിമാന്റ് വയക്കുന്ന പുരുഷന്മാരെ അല്ലേ നാം കൂടുതല്‍ കാണാറുള്ളത്. മനസമ്മതത്തിനും അദ്ദേഹമാണ് വസ്ത്രങ്ങളും മറ്റും സമ്മാനിച്ചത്. വിവാഹ പ്രൊപ്പോസല്‍ വച്ചപ്പോഴെ അദ്ദേഹം പറഞ്ഞിരുന്നു, വീട്ടുകാരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുതെന്ന്.

പഴയ എസ്എഫ്‌ഐ നേതാക്കളെല്ലാം ചടങ്ങിനെത്തും. മുഖ്യമന്ത്രിയെ വിളിച്ച് അനുഗ്രഹം തേടണം. നിയമസഭ നടക്കുന്നതിനാല്‍ എല്ലാവരേയും കിട്ടാന്‍ പ്രയാസമാണ്. എല്ലാ പാര്‍ട്ടി നേതാക്കളുമായും അടുത്ത ബന്ധമാണുള്ളത്. ഞങ്ങള്‍ രണ്ടുപേരും വിവാഹത്തിനായി കരുതി വച്ചിരുന്ന തുക കൊച്ചിയില്‍ തെരുവില്‍ കഴിയുന്ന നൂറ് പേര്‍ക്ക് വിവാഹദിവസം ഭക്ഷണം നല്‍കുന്നതിനായി ചെലവഴിക്കും.- സിന്ധു വ്യക്തമാക്കുന്നു.
(മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നിന്ന് )

Top