ജാഗി ജോണിന്റെ മരണകാരണം തലയ്‌ക്കേറ്റ മുറിവ്; മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം. കൊച്ചിയിലെ സുഹൃത്തില്‍ നിന്ന് മൊഴിയെടുത്തു.

തിരുവനന്തപുരം: ടിവി അവതാരകയും മോഡലുമായ ജാഗി ജോണ്‍ മരിച്ചത് തലയ്ക്ക് ക്ഷതമേറ്റെന്ന് പൊലീസ്. നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റതാണോ, അതോ ആരെങ്കിലും പിടിച്ചു തള്ളിയതാണോ എന്നതുസംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നതായി പേരൂര്‍ക്കട പൊലീസ് പറഞ്ഞു. മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ മറ്റു പാടുകളൊന്നും പ്രഥമദൃഷ്ട്യയില്ല.എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇതിനായി ഫോണ്‍ സൈബര്‍സെല്ലിന് കൈമാറിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് കുറവന്‍കോണത്തെ വീട്ടിലെത്തിച്ച മൃതദേഹം അവിടെനിന്നും സ്വദേശമായ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി. ഇതിനിടെ മരണവിവരം പുറത്തറിയിച്ച കൊച്ചിയിലെ ജിംനേഷ്യം നടത്തുന്ന ജാഗിയുടെ സുഹൃത്ത് രത്തന്റെ മൊഴിയെടുത്തു. ഇയാള്‍ വര്‍ഷങ്ങളായി ജാഗിയുടെ സുഹൃത്താണ്. മരണവിവരം പൊലീസിനെ അറിയിച്ച ഡോക്ടറില്‍ നിന്നും മൊഴിയെടുത്തു.

1998ല്‍ മംഗലപുരം പൊലീസ് സ്റ്റേഷനു സമീപമുണ്ടായ വാഹനാകടത്തില്‍ ജാഗി യുടെ പിതാവ് ജോണും സഹോദരനും മരിച്ചു. കൊട്ടാരക്കരയിലെ വീട്ടില്‍ നിന്നും തിരുവനന്തപുരത്തെ താമസസ്ഥലത്തേക്ക് വരവെയായിരുന്നു അപകടം.ജാഗി ക്കും മാതാവ് ജെസ്സി ജോണിനും ഗുരുതര പരിക്കേറ്റിരുന്നു. നീണ്ടകാലത്തെ ചികിത്സയ്ക്കു ശേഷം ഇരുവരും അപകടനില തരണം ചെയ്തു. എന്നാല്‍ അമ്മ ജെസ്സിക്ക് മനോനില തെറ്റി. ഇതോടെ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. തിരുവനന്തപുരത്ത് ജാഗി യുടെ സംരക്ഷണയിലായിരുന്നു ജെസ്സി കഴിഞ്ഞിരുന്നത്. ടിവി ഷോയും അവതാരകയുമായി ജീവിതം നയിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ജാഗിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഇവര്‍ വിവാഹം കഴിഞ്ഞെങ്കിലും ഏഴുവര്‍ഷം മുമ്പ് ബന്ധം വേര്‍പെടുത്തിയിരുന്നു. തുടര്‍ന്ന് അമ്മയോടൊപ്പം കുറവന്‍കോണത്തെ ഹില്‍ഗാര്‍ഡനിലെ വീട്ടില്‍ താമസമാക്കി. വീട്ടിലെ അടുക്കളയിലാണ് ഇവര്‍ മരിച്ചുകിടന്നത്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമായിരിക്കും മരണം സംഭവിച്ചതെന്നാണ് നിഗമനം. ജാഗി യെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് കൊച്ചിയിലുള്ള സുഹൃത്ത് അറിയിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ കുടുംബ സുഹൃത്തായ ഡോക്ടര്‍ കുറവന്‍കോണത്തെ വീട്ടിലെത്തിയത്. വീട് അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനാല്‍ പേരൂര്‍ക്കട പൊലീസില്‍ വിവരം അറിയിച്ചു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വാതില്‍ തുറന്ന് അകത്തുകയറി. . കൊട്ടാരക്കര സ്വദേശിയായ ഇവര്‍ വര്‍ഷങ്ങളായി കുറവന്‍കോണത്തെ വീട്ടിലാണ് താമസം. ബന്ധുക്കളുമായോ അയല്‍വാസികളുമായോ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നില്ല. മോഡലിംഗ് രംഗത്ത് സജീവമായ ജാഗി ജോണ്‍ പാചക പരിപാടികളിലൂടെയും വീഡയോകളിലൂടെയും പ്രശസ്തയാണ്.

Top