കോട്ടയം :സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബുവിനെ കുടുക്കിയത് സൈബര്‍ സെല്‍ . ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തിലെ ആശ്രമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സതീഷ് ബാബുവിനെ കണ്ടെത്തിയത്. ഹരിദ്വാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച സതീഷ് ബാബുവിന്റെ ചിത്രം കേരള പൊലീസിന് അയച്ചുകൊടുത്തിട്ടുണ്ട്. മുരളീധരന്‍ എന്നാണ് പേരെന്നു ഇയാള്‍ ഉത്തരാഖണ്ഡ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ഉത്തരാഖണ്ഡ് പൊലീസ് കേരള പൊലീസിനെ അറിയിച്ചിട്ടുണ്ട്.
പ്രതിയുടെ ചിത്രം ഇന്നലെ കേരള പൊലീസ് പുറത്തു വിട്ടിരുന്നു. കാസര്‍കോട് മുന്നാട്, കുറ്റിക്കോല്‍, മെഴുവാതട്ടുങ്കല്‍ സതീഷ് ബാബു (സതീഷ് നായര്‍– 38) എന്നയാളുടെ ചിത്രമാണ് അന്വേഷണ സംഘം പുറത്തു വിട്ടത്.
ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തിലെ ആശ്രമത്തില്‍ നിന്ന്് ഇന്നലെ രാത്രി 11 മണിയോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. പഴ്‌സ് കളവുപോയെന്നു പറഞ്ഞ് രണ്ടുദിവസം മുന്‍പാണ് ഇയാള്‍ ആശ്രമത്തിലെത്തിയത്. ഇയാളെ സംബന്ധിച്ച വിവരത്തിന് ആശ്രമം അധികൃതര്‍ സതീഷ് ബാബുവിന്റെ സഹോദരന് മൊബൈല്‍ സന്ദേശം അയച്ചിരുന്നു. കെഎസആര്‍ടിസിയില്‍ ജോലിയുള്ള ജേഷ്ഠന്റെ മൊബൈലിലേക്കാണ് ആശ്രമം അധികൃതര്‍ സന്ദേശം അയച്ചത്. പ്രതിയുടെ അടുത്ത ബന്ധുക്കളുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍സെല്‍ നിരീക്ഷിച്ചു വരികയായിരുന്നു. അങ്ങനെയാണ് കേരളാ പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് കേരളാ പോലീസ് പ്രതിയുടെ ചിത്രങ്ങള്‍ അയച്ചു കൊടുത്തു.
ചിത്രം പരിശോധിച്ച് സതീഷ്ബാബുവാണെന്ന് വ്യക്തമായ ശേഷമാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് കേരളാ പോലീസിന്റെ ഒരു ടീം അവിടേക്ക് പോയിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സിസ്റ്റര്‍ അമലയെ കൊല്ലപ്പെട്ട നിലയില്‍ മഠത്തില്‍ കണ്ടെത്തിയത്. കൃത്യം ഒരാഴ്ച തികഞ്ഞ ദിവസമാണ് പ്രതി പിടിയിലായത്.
എഡിജിപി കെ. പത്മകുമാറിന്റെ നിര്‍ദേശപ്രകാരം സതീഷ് ബാബുവിന്റെ മൂന്നു ഫോട്ടോകള്‍ ഇന്നലെ പോലീസ് പുറത്തുവിട്ടിരുന്നു. ഭരണങ്ങാനം, കൂത്താട്ടുകുളം വടകര, പൈക, ചേറ്റുതോട് തുടങ്ങി വിവിധ മഠങ്ങളില്‍ കന്യാസ്ത്രീകളെയും അന്തേവാസികളെയും ഉറക്കത്തില്‍ ആക്രമിച്ചതില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു.
ക്വട്ടേഷന്‍ കൊള്ളസംഘങ്ങളുമായി ബന്ധമുള്ള ഇയാള്‍ വിവിധ ജില്ലകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മറ്റ് ജില്ലകളിലും കന്യാസ്ത്രീ മഠങ്ങളില്‍ ഇയാള്‍ സമാനമായ അതിക്രമങ്ങള്‍ നടത്തിയതായി സംശയിക്കുന്നു. സതീഷിന്റെ ഈരാറ്റുപേട്ട സ്വദേശിയായ ഉറ്റസഹായിയും ബന്ധു വും ഉള്‍പ്പെടെ നാലു പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇന്നലെ പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടതിനുശേഷം ഇയാളുടെ നീക്കത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങളുമായി ഒട്ടേറെ ഫോണ്‍ കോളുകള്‍ പോലീസിന് ലഭിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സിസ്റ്റര്‍ അമലയെ കൊല്ലപ്പെട്ട നിലയില്‍ മഠത്തില്‍ കണ്ടെത്തിയത്. കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെയും മറ്റും സഹായത്തോടെ ശേഖരിച്ച തെളിവുകളാണ് സതീഷ് ബാബു തന്നെയാണു കേസിലെ പ്രതിയെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. മൂന്നു വര്‍ഷത്തോളമായി ഈരാറ്റുപേട്ട തീക്കോയിയില്‍ വാടകയ്ക്കു കഴിയുന്ന ഇയാളുടെ സാന്നിധ്യം പാലായിലും പരിസരങ്ങളിലും ഉണ്ടായിരുന്നതായും കണ്ടെത്തി.
മാന്യമായി വസ്ത്രം ധരിക്കുന്ന പ്രതി സുമുഖനും വെളുത്ത നിറമുള്ളയാളുമാണ്. കന്യാസ്ത്രീ മഠങ്ങള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന ഇയാള്‍ പ്രമുഖ ക്വട്ടേഷന്‍ സംഘങ്ങളിലെ പ്രധാനിയാണ്. സ്ഥിരം മദ്യപനാണ്. മുന്‍പും പ്രായമായവരെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കവര്‍ച്ച നടത്തിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ആലപ്പുഴ, കൊല്ലം, കാസര്‍കോട് തുടങ്ങി മിക്ക ജില്ലകളിലും ഇയാള്‍ക്കെതിരെ കേസുകളുമുണ്ട്. നിരന്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സ്വഭാവക്കാരനായതിനാല്‍ ഏതെങ്കിലും തരത്തിലുള്ള മനോവൈകല്യങ്ങള്‍ പ്രതിക്കുണ്ടോയെന്നു പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ എല്ലാ സ്ഥലങ്ങളിലും ഒരേ ശൈലിയിലുള്ള കുറ്റകൃത്യങ്ങളാണു നടന്നിട്ടുള്ളത്.
വിവാഹിതനായ സതീഷിന് രണ്ടു കുട്ടികളുണ്ട്. എന്നാല്‍ കുടുംബവുമായി പിരിഞ്ഞിരിക്കുകയാണെന്നാണു വിവരം.