സീതാറാം യെച്ചൂരി അന്തരിച്ചു..സീതാറാം യെച്ചൂരി ഇനിയില്ല, വിട വാങ്ങിയത് പാർട്ടിയുടെ സൗമ്യ മുഖം

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോ​ഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന സിപിഐഎമ്മിൻ്റെ 23-ാം പാർട്ടി കോൺ​ഗ്രസിൽ മൂന്നാംവട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. അൽപ്പനേരം മുമ്പാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.

 

എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രം​ഗത്തെത്തിയ യെച്ചൂരി വിദ്യാഭ്യാസ കാലത്ത് തന്നെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സൈദ്ധാന്തികൻ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. 1974-ൽ സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ)യിൽ ചേർന്ന യെച്ചൂരി തൊട്ടടുത്ത വർഷം സിപിഐഎം അം​ഗമായി. ഒരു വർഷത്തിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) (സിപിഐ (എം)) യിൽ ചേർന്നു. 1975-ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് സീതാറാം അറസ്റ്റിലായിരുന്നു. പിന്നീടുള്ള ആറുമാസം ഒളിവിലായിരുന്നു യെച്ചൂരിയുടെ പ്രവർത്തനം. ഇതോടെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായും യെച്ചൂരി മാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974-ല്‍ എസ്എഫ്ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്‍റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല.

അടിയന്തിരാവസ്ഥ കാലത്ത് 1975-ല്‍ അദ്ദേഹം അറസ്റ്റിലായി. 1978-ല്‍ എസ്എഫ്ഐയുടെ ദേശീയ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986-ല്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്‍റായി. 1984-ല്‍ 32ാം വയസ്സിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988-ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992-ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി.

പിന്നീട് 2015-ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തു. 2018-ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും സിപിഎം ദേശീയ അധ്യക്ഷനായി. 2022-ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാം വട്ടവും പാര്‍ട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പീപ്പിള്‍സ് ഡെമോക്രസി വാരികയുടെ എഡിറ്ററായിരുന്നു. 2005-ല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് ഭാര്യ. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവര്‍ മക്കളാണ്.

Top