തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസില്‍ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തി. പുലര്‍ച്ചെ നാലരയ്ക്കു തിരുവനന്തപുരത്ത് വസതിയില്‍ നിന്ന് കാറിലാണ് കടവന്ത്രയിലെ എന്‍ഐഎ ഓഫിസില്‍ ശിവശങ്കര്‍ എത്തിയത്. ഡ്രൈവര്‍ക്കും ഒരു സഹായിക്കും ഒപ്പമായിരുന്നു യാത്ര. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വച്ച് ശിവശങ്കറിനെ എന്‍ഐഎ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
രാജ്യത്ത് ആദ്യമായാണ് ഇത്രയും മുതിര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ ഐഎ ചോദ്യം ചെയ്യുന്നത്. അതിനാല്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം എല്ലാം നിരീക്ഷിക്കാന്‍ എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥ സംഘവും കൊച്ചിയിലുണ്ട്. എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം ദല്‍ഹിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമാണ് കൊച്ചിയിലെത്തിയത്. എഴുതി തയാറാക്കിയ 56 ചോദ്യങ്ങളാണ് ചോദിക്കുക. പ്രത്യേകം തയാറാക്കിയ മുറിയിലെ ചോദ്യം ചെയ്യല്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തും. അറസ്റ്റിനു സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന് എല്ലാം അറിയാം എന്നാണ് എന്‍ഐഎ കസ്റ്റഡിയിലുള്ള സരിത്തിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തേ ഒന്‍പതു മണിക്കൂര്‍ നേരം കസ്റ്റസ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസിനും എന്‍ഐഎയ്ക്കും നല്‍കിയ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എന്‍ഐഎ കൊച്ചിയിലേക്കു വിളിച്ച് ചോദ്യം ചെയ്യുന്നത്.
കേസിന്റെ പ്രാധാന്യവും സംസ്ഥാനത്തെ ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്നതും പരിഗണിച്ച് എഎന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്.
- നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധിപ്പിക്കുന്ന നിരവധി ചോദ്യങ്ങളാകും ശിവശങ്കറിനെ കാത്തിരിക്കുന്നത്.
- കസ്റ്റംസിനും എൻ.ഐ.എയ്ക്കും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ എങ്ങനെ ഉണ്ടായി?
- സ്വപ്ന യുമായി സൗഹൃദം ഉണ്ടാകാനുള്ള സാഹചര്യം? എന്തിന് സ്വപ്ന യ്ക്കും സരിത്തിനും ഫ്ലാറ്റ് എടുത്ത് നൽകി?
- വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപനയ്ക്ക് ജോലി നൽകാൻ എന്തിന് താൽപ്പര്യമെടുത്തു?
- സ്വപ്ന വഴി, സരിത് സന്ദീപ് എന്നിവരെ എന്തിന് പരിചയപ്പെട്ടു? ബന്ധം സ്ഥാപിച്ചു?
- സ്വപ്ന യുമായി സാമ്പത്തിക ഇടപാട് നടന്നത് എന്തിന്? ഡിപ്ലൊമാറ്റിക് ബാഗേജ് വരുന്ന ദിവസം, അതിന് തലേന്ന്, വിട്ടുകിട്ടാൻ വൈകിയ ദിവസങ്ങൾ – സ്വപ്ന യുമായി അസാധാരണമാം വിധം നിരവധി ഫോൺ കോളുകൾ ഉണ്ടായത് എന്തിന്?
- ഈ ദിവസങ്ങളിൽ സ്വപ്ന, സന്ദീപ് എന്നിവരുമായി കണ്ടത് എന്തിന്?
- മറ്റൊരു ഫോണിൽ നിന്ന് കസ്റ്റംസിനെ വിളിച്ചത് എന്തിന്?
- വിദേശയാത്രകൾ എന്തിനു വേണ്ടിയായിരുന്നു?
- വിദേശ യാത്രയ്ക്കിടെ ഫൈസൽ ഫരീദിനെ പരിചയപ്പെടുകയും ആതിഥ്യം സ്വീകരിക്കുകയും ചെയ്തോ?
ഇവ ഉൾപ്പെടെ അന്വേഷണ സംഘത്തിനുള്ള സംശയങ്ങളിൽ വ്യക്തത വരുത്താനാണ് ശിവശങ്കറിനെ കൊച്ചിയിലേക്ക് എൻ.ഐ.എ വിളിപ്പിച്ചിരിക്കുന്നത്. എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാകും ചോദ്യംചെയ്യല്‍. ഇത് വീഡിയോയില്‍ പകര്‍ത്തും.