അധ്വാനിച്ച് നേടുന്നതിന്റെ ഒരു പങ്ക് പാവങ്ങളുടെ വിശപ്പടക്കാൻ ചിലവഴിക്കുന്ന മഖ്ബൂൽ എന്ന ചായക്കടക്കാരൻ ഇപ്പോൾ 300 പേരുടെ അന്നദാതാവാണ്.മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നാണ് മഖ്ബൂൽ എന്ന ചായക്കടക്കാരന്റെ കഥ ലോകത്തിന് മുന്നിൽ എത്തുന്നത്.
മധ്യപ്രദേശ് സർക്കാർ പാവങ്ങൾക്ക് വേണ്ടി തുടങ്ങിയ അഞ്ച് രൂപയ്ക്ക് ഭക്ഷണം നൽകുന്ന ദീൻദയാൽ രസോയ് എന്ന പദ്ധതി രണ്ട് മാസം കൊണ്ട് നിന്ന് പോയിടത്തുനിന്നാണ് മഖ്ബൂൽ പാവങ്ങൾക്ക് തണലായി തീരുന്നത്.
ചായക്കടയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ പണം കൊണ്ട് 2013 മെയ് 1 ന് കുറച്ച് പാവങ്ങൾക്ക് ഭക്ഷണം നൽകിയാണ് മഖ്ബൂൽ അന്നദാനം തുടങ്ങിയത്. ഇപ്പോൾ ദിവസവും 300 പേർക്കാണ് അന്നം നൽകുന്നത്. ദൈവം തന്നെ പഠിപ്പിച്ചത് പാവങ്ങളെ പട്ടിണിക്കിടാതെ കാക്കാൻ നമ്മൾ എന്തെങ്കിലും ചെയ്യണമെന്നതാണെന്ന് മഖ്ബൂൽ പറയുന്നു. ഇത് തന്റെ കടമയാണെന്നാണെന്നും അത് മുടക്കം വരാതെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
പല സ്ഥലങ്ങളിൽ നിന്ന് മഖ്ബൂലിന്റെ ഈ പദ്ധതിയിലേക്ക് അന്നദാനം നടത്താൻ സഹായങ്ങളും എത്തിത്തുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കൂടുതൽ പേരിലേക്ക് ഭക്ഷണമെത്തിക്കാനൊരുങ്ങുകയാണ് മഖ്ബൂൽ. മഖ്ബൂലിനെ അനുകരിച്ച് അന്നദാനം ചെയ്യുന്ന മൂന്ന് സെന്ററുകൾ കൂടി മധ്യപ്രദേശിൽ വിവിധ ഭാഗങ്ങളിൽ തുടങ്ങാൻ പലരും പദ്ധതിയിടുന്നതായും വിവരമുണ്ട്.പാവങ്ങളോട് കരുണ ചെയ്യാൻ ധനവാനാകണം എന്ന് നിർബന്ധമില്ല എന്നു ചൂണ്ടിക്കാട്ടുകയാണ് മഖ്ബൂൽ