കൊച്ചിയില്‍ സ്മാര്‍ട്ട്‌സിറ്റി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; പ്രതിപക്ഷം വിട്ടുനിന്നു

കൊച്ചി: കേരളത്തിനഭിമാനമായ സ്മാര്‍ട്ട്‌സിറ്റി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജ്യത്തിന് സമര്‍പ്പിച്ചു. യു.എ.ഇ ക്യാമ്പിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ഗര്‍ഗാവി മുഖ്യാതിഥിയായ പരിപാടിയില്‍ കേന്ദ്ര ഐ.ടി മന്ത്രി രാജീവ് പ്രതാപ് റൂഡി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ദുബായ് ഹോള്‍ഡിങ് വൈസ് ചെയര്‍മാന്‍ അഹ്മദ് ബിന്‍ ബ്യാത്, സ്മാര്‍ട്ട്‌സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ്, മലയാളി വ്യവസായി യൂസഫലി തുടങ്ങിയവരും പങ്കെടുത്തു.

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഉദ്ഘാടനവേദിക്കു പുറത്ത് പ്രതിപക്ഷത്തോടൊപ്പം പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഭൂമിഇടപാടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് സ്മാര്‍ട്ട്‌സിറ്റിയുടെ പേരില്‍ നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്ലാറ്റിനം നിലവാരത്തിലുള്ള കെട്ടിടമാണ് കാക്കനാട് ഇടച്ചിറയില്‍ സ്മാര്‍ട്ട്‌സിറ്റിക്കായി ഉയര്‍ന്നിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി മന്ദിരമെന്ന വിശേഷണവും കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിക്ക് സ്വന്തമാകും. മൂന്നുവര്‍ഷത്തിനകം രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രഖ്യാപനം.

2005 സെപ്തംബറില്‍ യു.ഡി.എഫ് സര്‍ക്കാരും ടീകോമുമായുള്ള ധാരണാപത്രം ഒപ്പുവച്ചു. പിന്നീട് 2007ല്‍, വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട്‌സിറ്റി കരാറും ഒപ്പിട്ടു. 2013ലാണ് ആദ്യഘട്ടത്തിന്റെ നിര്‍മാണം ആരംഭിച്ചത്.

ആദ്യ ഘട്ടത്തില്‍ 27 കമ്പനികളാണ് സ്മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിക്കുക. അടുത്ത മൂന്ന്‌നാല് മാസങ്ങള്‍ക്കുള്ളില്‍ കമ്പനികള്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 5,500 പേര്‍ക്ക് ജോലി ലഭിക്കും. നിലവില്‍ മാള്‍ട്ടയിലും ദുബായിലുമാണ് സ്മാര്‍ട്ട്‌സിറ്റിയുള്ളത്. ഇതോടെ കൊച്ചിയും ലോക ഐ.ടി ശൃംഖലയിലേക്ക് ബന്ധിപ്പിക്കപ്പെടുകയാണെന്നാണ് സര്‍ക്കാര്‍ വാദം.

Top