പുകവലി ശീലമാക്കിയ ആട്; ദിവസേന ഒരു പാക്കറ്റ് സിഗരറ്റ് വലിക്കും

പുകവലി വീക്ക്‌നസ് ആക്കിയ ആടുണ്ട് കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍. ഈ ചെമ്മരിയാടിന് ദിവസേന ഒരു പാക്കറ്റ് സിഗരറ്റെങ്കിലും തിന്നുകയോ വലിക്കുകയോ വേണം. പുകവലി ശീലമുള്ള ഉടമ യശ്വന്ത് തന്നെയാണ് ആടിനെയും പുക വലിക്കാന്‍ ശീലിപ്പിച്ചത്. പുകയില വില്‍പ്പനക്കാരനായ ഉടമ വൃത്തിയാക്കിയ ശേഷം കളയുന്ന പുകയിലയുടെ അവശിഷ്ടങ്ങള്‍ തിന്നാണ് ലഹരിയുടെ ലോകത്തേക്കുള്ള ആടിന്റെ പ്രവേശനം. മൂന്നര വയസുകാരനായ ആട് പുകവലിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി.പച്ചിലകള്‍ പോലെയാണ് പുകയില മുട്ടനാട് കഴിക്കുന്നത്. സിഗരറ്റ് മാത്രമല്ല പുകയില വെറുതെ ചവച്ചു തിന്നാനും ആടിന് ഏറെയിഷ്ടമാണ്. മാണ്ഡ്യയിലെ ആടുകള്‍ക്കും പശുക്കള്‍ക്കുമെല്ലാം മരുന്നായി പുകയില നല്‍കാറുണ്ടെന്നാണ് യശ്വന്ത് പറയുന്നത്. ഇത് ചെള്ളുകളെയും മറ്റു കീടങ്ങളെയും അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നാണ് വാദം. ചിലപ്പോഴെല്ലാം മാരക അസുഖങ്ങള്‍ പിടിപെടുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് വലിയ അളവില്‍ പുകയില നല്‍കാറുണ്ടെന്നും ഇത് വഴി ഇവയുടെ അസുഖങ്ങള്‍ ഭേദമാകാറുണ്ടെന്നും ഇവിടുത്തെ കര്‍ഷകരും പറയുന്നു.ഏതായാലും ഈ വാദങ്ങള്‍ക്ക് ശാസ്ത്രീയമായി തെളിവില്ല. മാത്രമല്ല പുകവലിക്കുന്നതും പുകയില തിന്നുന്നതും മൃഗങ്ങളില്‍ ദൂരവ്യാപകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് മൃഗഡോക്ടര്‍മാരുടെ അഭിപ്രായം . മൃഗസ്‌നേഹികളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഏതായാലും സിഗററ്റ് ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയിലാണ് ഈ ആട്.

 

Top