പാമ്പുകള്‍ സ്വതവേ മനുഷ്യനില്‍ ഭീതി ഉളവാക്കുന്ന ജീവികളാണ്. പക്ഷെ തെക്കന്‍ ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ നിന്നു പകര്‍ത്തിയ ദൃശ്യങ്ങളിലെ പാമ്പിന്‍റെ അവസ്ഥ കണ്ടാല്‍ ആര്‍ക്കും അതിനോടു സഹതാപം തോന്നിപ്പോകും. ചിലന്തിവലയില്‍ കുടുങ്ങിയ പാമ്പ് രക്ഷപെടാന്‍ കഴിയാതെ കഷ്ടപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത് .റെഡ് ബാക്ക് എന്ന ഇനത്തില്‍ പെട്ട ചിലന്തിയുടെ വലയിലാണ് പാമ്പ് കുരുങ്ങിയത്. കാര്‍മെല്‍ മണ്‍റോ എന്ന സ്ത്രീയാണ് തന്‍റെ പൂന്തോട്ടത്തിന് നടുവിലെ ഷെഡ്ഡില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അതീവ വിഷമുള്ള ചിലന്തിയാണ് റെഡ് ബാക്ക്. മനുഷ്യര്‍ക്ക് അപകടം വരുത്തുന്ന അപൂര്‍വ്വ ചിലന്തികളില്‍ ഒന്നാണിത്.
പക്ഷികളെയും പല്ലികളെയും എല്ലാം റെഡ് ബാക്ക് ചിലന്തികള്‍ വലയിലാക്കി ഭക്ഷണമാക്കാറുണ്ട് . എന്നാല്‍ ഇവയുടെ വലയില്‍ പാമ്പു കുരുങ്ങുന്നത് അപൂര്‍വമായി സംഭവിക്കുന്നതാണ്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ സൗത്ത് വേല്‍സിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് കുറച്ചു കൂടി ചെറിയ പാമ്പായിരുന്നു. ഇവിടെ വലയില്‍ കുരുങ്ങിയത് സാമാന്യം വലിപ്പമുള്ള പാമ്പായിരുന്നെങ്കിലും അതിനും റെഡ്ബാക്കിന്റെ വലയെ ഭേദിക്കാന്‍ കഴിഞ്ഞില്ല. പാമ്പിനെ രക്ഷിക്കാന്‍ കാര്‍മെല്‍ തയ്യാറായെങ്കിലും ഭര്‍ത്താവ് അതിനെ പ്രകൃതിയുടെ ഇഷ്ടത്തിനു വിടാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്‍വാങ്ങി.
അതീവ വിഷമുള്ള ബ്രൗണ്‍ സ്നേക്ക് വിഭാഗത്തില്‍ പെട്ടതായിരുന്നു വലയില്‍ കിടന്നു പിടഞ്ഞ പാമ്പ്. റെഡ് ബാക്ക് കുത്തിവക്കുന്ന വിഷം പാമ്പിന്‍റെ നാഡീവ്യൂഹത്തെയും മസിലുകളെയും പെട്ടെന്നു തളര്‍ത്തും. ഇതോടെ പാമ്പിനെ റെഡ്ബാക്ക് തിന്നുകയും ചെയ്യും.