ആഗ്ര: ഒടുവില്‍ പാമ്പുകള്‍ എടിഎം മെഷീനുകളിലും കയറിയിരിക്കാന്‍ തുടങ്ങി. എസിയും നല്ല സുരക്ഷിതമായ ഇടവും, പാമ്പുകള്‍ക്ക് പിന്നെ എന്തുവേണം. പണം എടുക്കാന്‍ എടിഎമ്മിലേക്ക് കയറുന്നവര്‍ പേടിച്ചോടുന്ന അവസ്ഥയായി.
ആഗ്രയിലെ എംജി റോഡിലുള്ള എസ്ബിഐയുടെ എടിഎം മെഷീനിലാണ് ഒന്നിലധികം പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞ് കിടന്നിരുന്നത്. ഇതിനെത്തുടര്‍ന്ന് എടിഎമ്മിലേക്ക് ആളുകള്‍ എത്താതായി. സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഡിസ്ട്രിക്സ്റ്റ് മജിസ്ട്രേറ്റ് ഓഫീസ് വിഷയത്തില്‍ ഇടപ്പെട്ടു. വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള വൈല്‍ഡ്ലൈഫ് എസ്ഒഎസ് ഓര്‍ഗനേഷന്‍ അധികൃതരെത്തി പാമ്പിനെ കാട്ടിലേക്ക് തുറന്നു വിട്ടു.
എടിഎം മെഷീനിലുള്ളില്‍ വിസ്താരമില്ലാത്തതിനാല്‍ പാമ്പുകളെ പിടികൂടാന്‍ ബുദ്ധിമുട്ടിയതായി വൈല്‍ഡ്ലൈഫ് എസ്ഒഎസ് അധികൃതര്‍ പറഞ്ഞു. തലയും വാലും പിണഞ്ഞായിരുന്നു പാമ്പുകള്‍ കിടന്നിരുന്നത്. വിഷമില്ലാത്ത ഇനത്തില്‍പ്പെട്ട റെഡ് സാന്‍ഡ് ബോവ എന്ന പാമ്പാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.
മഴക്കാലമായതിനാല്‍ വാസസ്ഥലങ്ങള്‍ നഷ്ടമായതിനാലാണ് പാമ്പുകള്‍ നഗരപ്രദേശങ്ങളിലേക്ക് ചേക്കേറുന്നത്. ജീവന്‍ രക്ഷാര്‍ത്ഥം ഇവ എടിഎം കൗണ്ടറുകളിലും വീടുകളിലും മറ്റും കയറിക്കൂടുന്നു. ഭക്ഷണം കണ്ടെത്തുന്നതിനും പാമ്പുകള്‍ക്ക് നന്നേ കഷ്ടപ്പെടേണ്ടതായി വരുന്നതായും വൈല്‍ഡ്ലൈഫ് എസ്ഒഎസ് സ്ഥാപകാംഗങ്ങളിലൊരാളായ കാര്‍ത്തിക് സത്യനാരായണന്‍ കൂട്ടിച്ചേര്‍ത്തു.