മലപ്പുറം: മൂന്ന് ദിവസത്തിനിടെ മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാശുപത്രി സര്‍ജിക്കല്‍ വാര്‍ഡിന്റെ വരാന്തയില്‍ നിന്നുമായി പത്ത് മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു.
മലപ്പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് പെരിന്തല്‍മണ്ണ ജില്ലാശുപത്രി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് രോഗികളെ പ്രവേശിപ്പിച്ച സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും വാര്‍ഡിനോട് ചേര്‍ന്ന വരാന്തയിലുമായി പത്ത് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ജീവനക്കാരും ജില്ലാ ട്രോമ കെയര്‍ പ്രവര്‍ത്തകരുമാണ് പാമ്പുകളെ പിടികൂടിയത്. ഇനിയും പാമ്പ് ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്. ഈ സാധ്യത കണക്കിലെടുത്ത് സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു.
എട്ട് രോഗികള്‍ സര്‍ജിക്കല്‍ വാര്‍ഡില്‍ കിടത്തി ചികിത്സയില്‍ ഉണ്ടായിരുന്നു. ഇവരെ ഇവിടെ നിന്നും മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റി. സര്‍ജിക്കല്‍ വാര്‍ഡ് കുറച്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.