ന്യുഡൽഹി:ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ് അടിയന്തര പ്രാധാന്യം ഉള്ളതെന്ന് സിബിഐ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. വിവിധ കാരണങ്ങളാൽ 17 തവണ മാറ്റിവെച്ച കേസാണ് കോടതിയുടെ പരിഗണനക്ക് എത്തുന്നത്. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദംകേള്‍ക്കുക. കേസ് വീണ്ടും മുന്നിലെത്തിയതിൽ യു.യു.ലളിത് സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. അതേസമയം, കേസിൽ അതിവേഗം വാദം കേൾക്കണമെന്ന് ആവശ്യപ്പെടാനാണ് സിബിഐ നീക്കം.
കഴിഞ്ഞ ഓഗസ്റ്റ് 31നാണ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് പകരം, ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിൽ ലാവലിൻ കേസ് ലിസ്റ്റ് ചെയ്തത്. 2017 മുതൽ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് കേൾക്കുന്ന കേസാണെന്ന് നിരീക്ഷിച്ച യു.യു. ലളിത്, ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് വ്യക്തമാക്കി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു.
എന്നാൽ, കഴിഞ്ഞ സെപ്റ്റംബർ 30ന് വീണ്ടും ലളിതിന്റെ കോടതിയിൽ തന്നെ ലാവലിൻ കേസ് ലിസ്റ്റ് ചെയ്തു. എന്നാൽ അന്ന് കേസ് പരിഗണിക്കുന്നതിന് മുൻപ് കോടതി സമയം അവസാനിച്ചു. അടിയന്തര സ്വഭാവമുള്ള കേസാണെന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാണിച്ചപ്പോൾ സെപ്റ്റംബർ എട്ടിന് തീയതി നൽകുകയായിരുന്നു. കേസ് പരിഗണിക്കുന്നതിൽ ജസ്റ്റിസ് ലളിത് ഇന്ന് സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. വാദം പറയാൻ തയാറാണെന്ന് സിബിഐ അറിയിച്ചേക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമർപ്പിച്ച ഹർജിയാണ് കോടതിക്ക് മുന്നിലുള്ളത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്‌ഥരായ ആർ.ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നിരും ഹർജി സമർപ്പിച്ചിട്ടുണ്ട്.