തിരുവനന്തപുരം: മുന്നാക്കക്കാരിലെ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡിലെ തസ്തികകളില്‍ സംവരണം നല്‍കാനുള്ള പിണറായി സര്‍്ക്കാരിന്റെ തീരുമാനം വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുന്നു. സിപിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യങങളില്‍ ഒന്നാണ് മുന്നാക്കരിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം എന്നത്. എന്നാല്‍ ഇതുവരെ അതിനായി എന്തെങ്കിലും ചെയ്യാന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ പ്രഖ്യാപനം പാര്‍ട്ടിയെ നിശിത വിമര്‍ശനത്തിന് വിധേയമാക്കിയിരിക്കുകയാണ്. സാമ്പത്തിക മാനദണ്ഡം ഉപയോഗിച്ച് സംവരണം നടപ്പിലാക്കുക എന്നത് സംവരണ തത്വത്തിന് തന്നെ എതിരാണ്. ജാതീയമായ കാരണങ്ങളാല്‍ പിന്തള്ളപ്പെട്ട് പോകുന്നവരുടെ അധികാര പങ്കാളിത്തം ഉറപ്പാക്കുകയാണ് സംവരണം വഴി ചെയ്യുന്നത്. സംവരണം ഒരു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയേ അല്ല. അതിന് മറ്റ് സാമ്പത്തിക സഹായ പദ്ധതികളാണ് സര്‍്ക്കാര്‍ നടപ്പിലാക്കേണ്ടത്.
സംസ്ഥാനത്തെ ദേവസ്വംബോര്‍ഡുകളില്‍ മുന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം തിടുക്കത്തില്‍ പിണറായി സര്‍ക്കാര്‍ എടുത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഇതിന് പുറമെ, മറ്റ് സര്‍ക്കാര്‍ നിയമനങ്ങളിലും ഇതേ മാനദണ്ഡം പുലര്‍ത്തുന്നതിന് ആവശ്യമായ ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് എസ്.എന്‍.ഡി.പി യോഗവും ശിവഗിരി മഠവും മറ്റ് പിന്നാക്ക സംഘടനകളും മുസ്‌ളീം ലീഗും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് വരാന്‍ തീരുമാനിച്ചിട്ടുണ്ട്. പിന്നാക്കക്കാര്‍ക്ക് മാത്രം അവകാശപ്പെട്ട സംവരണം കവരാന്‍ സര്‍ക്കാര്‍ ചില ഒളിച്ചുകളി നീക്കങ്ങള്‍ നടത്തിയതായും വ്യക്തമായി.
ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവസ്വം മന്ത്രി കടകംപള്ളിയോട് ആവശ്യപ്പെടുന്നു. തുടര്‍ന്ന് ദേവസ്വം വകുപ്പില്‍ നിന്ന് തയ്യാറാക്കിയ കുറിപ്പ് ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി മുഖ്യമന്ത്രി അവതരിപ്പിക്കുന്നു. ചര്‍ച്ചയൊന്നും കൂടാതെ ഈ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. എതിര്‍പ്പോ ,മാറ്റങ്ങളോ നിര്‍ദ്ദേശിക്കേണ്ട സി. പി. ഐ. മന്ത്രിമാര്‍ ഇല്ലാതാതിരുന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചയുണ്ടായില്ല. സമൂഹത്തിന്റെ എതിര്‍പ്പ് ക്ഷണിച്ച് വരുത്താനിടയുള്ള ഇത്തരം ഗൗരവ വിഷയങ്ങള്‍ അജന്‍ഡയായി ഉള്‍പ്പെടുത്തി മന്ത്രിസഭായോഗത്തില്‍ കൊണ്ടുവരുക എന്നതാണ് സാധാരണ കീഴ് വഴക്കം. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ ഒരു സുപ്രധാന നിര്‍ദ്ദേശം നടപ്പാക്കുകയാണെന്ന് അറിയിച്ച് വിഷയം മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുകയായിരുന്നു. അതിനാല്‍, യോഗത്തില്‍ പങ്കെടുത്ത മറ്റ് ഘടകകക്ഷി മന്ത്രിമാര്‍ മറ്റൊന്നും പറഞ്ഞില്ല.
തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ചയുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കിടയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം സി. പി. ഐയിലെ നാലു മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു.എല്ലാവരുടെയും ശ്രദ്ധ തോമസ് ചാണ്ടിയുടെ രാജിയെന്ന വൈകാരിക പ്രശ്‌നത്തില്‍ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഇത് നല്ല അവസരമായി കണ്ട് അതിനെക്കാള്‍ വൈകാരികമായ സാമ്പത്തിക സംവരണം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം മന്ത്രിസഭായോഗത്തെ ഉപയോഗിച്ചുവെന്നാണ് ഇടതു മുന്നണിയിലെ തന്നെ ചില നേതാക്കള്‍ കരുതുന്നത്.സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന സാമ്പത്തിക സംവരണ വിഷയം തീരുമാനിക്കും മുമ്പ് ഇടത്മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് ഘടകകക്ഷികള്‍ക്കിടയില്‍ വിമര്‍ശനമുണ്ട്. വരും ദിവസങ്ങളില്‍ ഇതിന്റെ പ്രത്യാഘാതം ഈ കക്ഷികളില്‍ നിന്നുണ്ടാകും.
ഇടതു മന്ത്രിസഭയുടെ തീരുമാനം സി. പി.ഐയെയും വെട്ടിലാക്കിയിരിക്കുകയാണ്. തോമസ്ചാണ്ടിയുടെ രാജി പ്രശ്‌നം നീറീപ്പുകഞ്ഞ സാഹചര്യത്തില്‍ സാമ്പത്തിക സംവരണം തിടുക്കത്തില്‍ എടുക്കേണ്ട തീരുമാനമല്ല. ഈ തീരുമാനമെടുക്കും മുമ്പ് മന്ത്രിസഭയില്‍ ചര്‍ച്ചയ്ക്ക് അവസരം കിട്ടാത്തതില്‍ അമര്‍ഷത്തിലാണ് സി. പി. ഐ. മുന്നണിയില്‍ ഒരു പൊട്ടിത്തെറി ഒഴിവാക്കാന്‍ സംയമനം പാലിക്കുകയാണ് തങ്ങളെന്ന് മുതിര്‍ന്ന ഒരു സി. പി. ഐ. നേതാവ് പറഞ്ഞു.