ആലപ്പുഴ: കോണ്‍ഗ്രസില്‍ നിന്നും താന്‍ നേരിട്ട അവഗണകള്‍ തുറന്ന് പറഞ്ഞ് മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് രംഗത്തെത്തി. തന്നെ ഏറ്റവുമധികം വേട്ടയാടിയത് രമേശ് ചെന്നിത്തലയെന്ന് ശോഭന ജോര്‍ജ്ജ്. പാര്‍ട്ടിയില്‍ മടങ്ങിയെത്തിയശേഷം രമേശ് തനിക്ക് അര്‍ഹമായ പരിഗണന തന്നില്ല. രമേശിന്റെ ലക്ഷ്യം താനാണോ, ലീഡറാണോ എന്ന് അറിയില്ലെന്നും ശോഭന ജോര്‍ജ് പറഞ്ഞു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭന മനസ്സ് തുറന്നത്.
കോണ്‍ഗ്രസ് അവഗണനയില്‍ മനംമടുത്ത് ശോഭന ജോര്‍ജ് ചെങ്ങന്നൂരില്‍ ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശോഭന വ്യക്തമാക്കിയിരുന്നു. മൂന്നു തവണ ചെങ്ങന്നൂരില്‍ നിന്നും ശോഭന ജോര്‍ജ്ജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭാംഗമായിട്ടുണ്ട്.
കെ കരുണാകരന്‍ കോണ്ഗ്രസ് വിട്ടപ്പോഴാണ് കൂടെ ശോഭനയും കോണ്‍ഗ്രസിനോട് സലാം പറഞ്ഞത്. തുടര്‍ന്ന് കെ കരുണാകരന്റെ ഡിഐസിക്കൊപ്പമായിരുന്നു ശോഭന. പിന്നീട് കരുണാകരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയപ്പോള്‍ ശോഭനയും ഒപ്പം പാര്‍ട്ടിയില്‍ തിരിച്ചെത്തി. എന്നാല്‍ അതിന് ശേഷം കോണ്‍ഗ്രസില്‍ നിന്നും കടുത്ത അവഗണനയാണ് ശോഭന നേരിട്ടത്.