കൊച്ചി:ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രീയെ അതിക്ഷേപിച്ച പി.സി ജോര്‍ജ്ജിനെതിരെ ഫേസ്ബുക്കില്‍ ‘വായമൂടെടാ പിസി’ ക്യാമ്പയിന്‍ തുടങ്ങി. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതടക്കമുള്ള വിഷയങ്ങളിലെ പിസിയുടെ വാക്കുകള്‍ സ്ത്രീ സമൂഹത്തിനെ വേദനിപ്പിക്കുന്നതാണെന്ന് ചൂണ്ടികാട്ടുകയാണ് സോഷ്യല്‍ മീഡിയ. പികെ ശശി, നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പിസി ഇരകളെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു.പി.സി ജോര്‍ജ്ജിന്റെ വായ മൂടാന്‍ സെല്ലോടേപ്പുകള്‍ അയച്ചു കൊടുത്തുകൊണ്ടാണ് ക്യാമ്പയിന്‍ നടത്തുന്നത്. എന്‍വലപ്പിനു മുകളില്‍ ഹാഷ്ടാഗ് വായ മൂടെടാ പിസി എന്നെഴുതിയാണ് സെല്ലോടാപ്പുകള്‍ അയക്കുക. പല അവസരങ്ങളിലായി സ്ത്രീകളെ കുറിച്ച് നടത്തിയ മോശം പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് ക്യാമ്പയിന്‍.
ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നായിരുന്നു പി.സി ജോര്‍ജിന്റെ ചോദ്യം.
പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്നദിവസം തന്നെ അവര്‍ കന്യകയല്ലാതായിയെന്നും അദ്ദേഹം പറഞ്ഞു.കന്യാസ്ത്രീയുടെ പരാതിയില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളേയും പി.സി ജോര്‍ജ് അധിക്ഷേപിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം.
കേരളാ പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത്. പുരുഷന്മാരെ കുടുക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജോര്‍ജ് പറഞ്ഞിരുന്നു.അതേ സമയം തങ്ങള്‍ക്കെതിരെ അധിക്ഷേപകരമായ പ്രസ്താവന നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ പരാതി കൊടുക്കുമെന്ന് കന്യാസ്ത്രീകള്‍ ഇന്ന് പ്രതികരിച്ചിരുന്നു.
ഇരയായ സ്ത്രീകളോട് കാണിക്കേണ്ട മര്യാദ പാലിക്കാതെ പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശം ദേശീയ ശ്രദ്ധ നേടിയിരുന്നു.ഇരയെ സഹായിക്കുന്നതിനു പകരം ഇത്തരം പരാമര്‍ശങ്ങള്‍ നിയമസഭാ സാമാജികര്‍ നടത്തുന്നതു കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു’. ജോര്‍ജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരളാ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞിരുന്നു.
ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കൾ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയ്ക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവരാണെന്നും പി.സി.ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.
പി.സി.ജോര്‍ജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്‍റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന്‍ തന്‍റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസിയുടെ മറുപടി. പീഡനപരാതിയില്‍ കൃത്യമായി തെളിവില്ലാതെ പി.കെ.ശശി എംഎല്‍എയ്ക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നുമാണ് പിസി ജോര്‍ജിന്‍റെ പക്ഷം