കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട്ടെ വ്യവസായിയില്‍ നിന്നും പണം തട്ടിയെന്ന കേസിലാണ് വിധി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരിക്കുന്നത്. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വറന്റീനിൽ ആയതിനാൽ അവധിക്ക് അപേക്ഷിച്ചിരുന്നു. കോഴിക്കോട് സെന്റ‌് വിൻസെന്റ‌് കോളനി ഫജർ ഹൗസിൽ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് വിധി.
സരിത കേസില്‍ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണനാണ്. കേസിലെ മൂന്നാം പ്രതിയായ മണിമോനെ കോടതി വെറുതെ വിട്ടു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് സരിത എസ് നായരെ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി തവണ സരിതയ്ക്ക് കോടതി വാറണ്ട് അയച്ചിട്ടും ഹാജരാകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സരിതയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.
സോളാര്‍ പാനല്‍ സ്ഥാപിക്കാം എന്നും വിവിധ ജില്ലകളില്‍ സോളാര്‍ ഫ്രാഞ്ചൈസി നല്‍കാം എന്നും വാഗ്ദാനം നടത്തി സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് പണം തട്ടി എന്നാണ് കേസ്. കോഴിക്കോടുളള വ്യവസായിയായ അബ്ദുള്‍ മജീദ് ആണ് തട്ടിപ്പിന് ഇരയായത്. 42.70 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് അബ്ദുള്‍ മജീദ് പരാതി നല്‍കിയത്. മജീദിന് കുറച്ച് പണം തിരികെ നല്‍കി കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുളള ശ്രമങ്ങള്‍ നടന്നിരുന്നു. 2018ല്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു.
കോടതിയുടെ അറസ്റ്റ് വാറന്റ് പ്രകാരം സരിതയെ കസബ പൊലീസ് സരിതയെ അറസ്റ്റ് ചെയ്തിരുന്നു. വീട്ടിലും ഓഫീസിലും സോളർ പാനൽ സ്ഥാപിക്കുന്നതിന് പുറമേ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ടീം സോളർ കമ്പനിയുടെ ഫ്രാഞ്ചൈസി, വിൻഡ്മിൽ പദ്ധതിയിൽ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണ് പരാതി. കേസിൽ 2018 ഒക്ടോബറിൽ വിചാരണ പൂർത്തിയായിരുന്നു.2019 ൽ ഏപ്രിൽ വരെ 4 തവണ കേസ് വിധി പറയാൻ വച്ചെങ്കിലും സരിത ഹാജരായില്ല. 2019 മേയിൽ മജിസ്ട്രേട്ട് സ്ഥലം മാറി. പുതിയ മജിസ്ട്രേട്ട് ചുമതലയേറ്റപ്പോൾ വീണ്ടും വാദം കേട്ടു. 2021 ഫെബ്രുവരിയിൽ വീണ്ടും വിധി പറയാൻ വച്ചെങ്കിലും സരിത ഹാജരാകാത്തതിനാൽ കേസ് നീളുകയായിരുന്നു.