പ്രമുഖനേതാക്കളുടെ മോദി സ്‌തുതി!!വീണ്ടും ശശി തരൂർ; ഇത്‌ കോൺഗ്രസിന്റെ പണിയല്ലെന്ന്‌ കെ സി വേണുഗോപാൽ

തിരുവനന്തപുരം : മൂക്കോളം മുങ്ങിയ കോൺഗ്രസ് ഇപ്പോൾ നേതാക്കളുടെ മോഡി സ്തുതിയിലും പൊറുതിമുട്ടുകയാണ് .വെറും ചുക്കടാ നേതാക്കളല്ല പ്രമുഖരാണ് പ്രധാനമന്ത്രി മോഡി സ്തുതിയുമായി രംഗത്തുള്ളത് .പ്രധാനമന്ത്രി മോദി യെ വീണ്ടും ന്യായീകരിച്ച ശശി തരൂർ എംപിയുടെ നിലപാട്‌ കോൺഗ്രസിനും തലവേദനയാകുന്നു. മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ ജയറാം രമേശ്‌, മനുഅഭിഷേക്‌ സിങ്‌വി എന്നിവരുടെ മോഡി സ്‌തുതിക്ക്‌ പിന്നാലെയാണ്‌ ശശി തരൂരും വീണ്ടും രംഗത്തുവന്നത്‌.

മോഡിയെ പ്രശംസിച്ചതിൽ മാപ്പുപറയേണ്ട കാര്യമില്ലെന്നാണ്‌ തരൂരിന്റെ നിലപാട്‌. ‘‘ആളുകൾ നല്ല കാര്യങ്ങൾ ചെയ്‌താൽ പ്രശംസിക്കണം. എപ്പോഴും കുറ്റം പറഞ്ഞുകൊണ്ടിരുന്നാൽ വിശ്വസിക്കാൻ പോകുന്നില്ല. പ്രധാനമന്ത്രിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത്‌ ശരിയല്ല’’ തരൂർ തിരുവനന്തപുരത്ത്‌ ആവർത്തിച്ചു. ജയറാം രമേശും മനുഅഭിഷേക്‌ സിങ്‌വിയും സമാനമായ അഭിപ്രായപ്രകടനമാണ്‌ കഴിഞ്ഞദിവസം നടത്തിയത്‌.

എന്നാൽ, മോഡിക്ക്‌ ഗുഡ്‌ സർട്ടിഫിക്കറ്റ്‌ കൊടുക്കലല്ല കോൺഗ്രസിന്റെ പണിയെന്ന്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. മോഡി സ്‌തുതി അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്‌. 100ൽ 98ഉം തെറ്റുചെയ്‌തിട്ട്‌ ഒരു നല്ല കാര്യം ചെയ്‌താൽ എങ്ങനെ പ്രശംസിക്കുമെന്ന്‌ അദ്ദേഹം ചോദിച്ചു.

Top