അക്കാദമി പുരസ്‌കാരം നിരസിക്കില്ല !!മധുസൂദനൻ നായർക്കും ശശി തരൂരിനും കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ്.

ന്യൂഡൽഹി:ശശി തരൂർ എം.പിയും കവി വി.മധുസൂദനൻ നായരും ഈവർഷത്തെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡിന് അർഹരായി. തരൂരിന്റെ എന്ന ‘ഇരുളടഞ്ഞ കാലം-ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്’ പുസ്തകത്തിനാണ് പുരസ്‌കാരം. ‘അച്ഛൻ പിറന്ന വീട്’ എന്ന കവിതയ്ക്കാണ് മധുസൂദനൻ നായർക്ക് അവാർഡ്. ബ്രിട്ടീഷ് ഭരണകാലത്തെ ചൂഷണങ്ങൾ വിവരിക്കുന്ന ‘ആൻ ഇറ ഓഫ് ഡാർക്‌നസ്: ബ്രിട്ടീഷ് എംപയർ ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിന് ഇംഗ്ലീഷ് വിഭാഗത്തിലാണ് തരൂരിന് അവാർഡ്.

അതേസമയം കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഒരു കാരണവശാലും നിരസിക്കില്ലെന്ന് ശശി തരൂര്‍. പുരസ്‌കാരം സര്‍ക്കാരിന്റെതല്ലെന്നും അതിനാല്‍ തിരിച്ചു നല്‍കേണ്ടതില്ല എന്നുമാണ് ശശിതരൂര്‍ പ്രതികരിച്ചത്.കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അവാര്‍ഡ് തിരിച്ചു കൊടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തരൂര്‍.സര്‍ക്കാരിന്റെ അവാര്‍ഡാണെങ്കില്‍ പുരസ്‌കാരം തിരിച്ചു നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുമായിരുന്നു. എന്നാല്‍ ഇത് സാഹിത്യകാരന്മാര്‍ തീരുമാനിച്ച ഒരു അവാര്‍ഡാണ്. തിരിച്ചു നല്‍കാന്‍ ഉദ്ദേശമില്ല. രണ്ടു മൂന്നു വര്‍ഷം മുമ്പ് പലരും അവരുടെ അവാര്‍ഡ് തിരിച്ചു കൊടുക്കുന്ന സമയത്ത് എഴുത്തുകാരന്‍ എന്ന നിലയ്ക്ക് കൊടുക്കരുതെന്ന് പറഞ്ഞ ഒരാളാണ് ഞാന്‍’- ശശി തരൂര്‍ പറഞ്ഞു.

സാഹിത്യ അക്കാദമി അവാര്‍ഡ് സാഹിത്യ പരമായ നേട്ടമായിട്ടാണ് താന്‍ കാണുന്നതെന്നും തരൂര്‍ പറഞ്ഞു.പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം ശക്തമായ സമരങ്ങള്‍ നടക്കുന്ന സമയത്താണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച നോവലിസ്റ്റും മുന്‍ എ.ജി.പി (അസ്സം ഗാനാ പരിഷത്) രാജ്യസഭാംഗവുമാണ് ജയശ്രീ ഗോസ്വാമി തന്റെ പുരസ്‌കാര തുക അസ്സമില്‍ പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ കുടുംബം നഷ്ടപ്പെട്ടവര്‍ക്കെന്ന് പറഞ്ഞിരുന്നു.

23 ഭാഷകളിലെ അവാർഡുകളാണ് പ്രഖ്യാപിച്ചത്. നേപ്പാളി ഭാഷയിലേത് പിന്നീട് പ്രഖ്യാപിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി 25ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഡോ.ചന്ദ്രമതി, എൻ.എസ്. മാധവൻ, പ്രൊഫ.എം.തോമസ് മാത്യു എന്നിവരാണ് മലയാളവിഭാഗം പുരസ്‌കാരം നിശ്ചയിച്ച ജൂറി. ഡോ.ജി.എൻ.ദേവി, പ്രൊഫ.കെ.സച്ചിദാനന്ദൻ, പ്രൊഫ.സുഗന്ധ ചൗധരി എന്നിവരാണ് ഇംഗ്ലീഷ് വിഭാഗം ജൂറി.

Top