തിരുവനന്തപുരം : സോളാർ റിപ്പോർട്ട് കോൺഗ്രസിൽ പരസ്യ കലാപത്തിന് തുടക്കം കുറിക്കുമെന്ന് സൂചന. സോളാര് കേസില്‍ ഒരാള്‍ തന്നെ ബ്ലാക്ക് മെയിലിംഗ് ചെയ്യാന്‍ ശ്രമിച്ചുവെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന രമേശ് ചെന്നിത്തലയെ ഉന്നം വച്ചെന്ന സൂചന ശക്തമായി. ഉമ്മന്ചാണ്ടിക്കെതിരെയുള്ള തെളിവുകള്‍ തേടി രമേശ് ചെന്നിത്തല തന്നെ ബന്ധപ്പെട്ടുവെന്ന സരിതാനായരുടെ വാക്കുകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതുകൂടാതെ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയെ കുടുക്കുവാന്‍ ശക്തമായ കരുനീക്കങ്ങള്‍ നടത്തിയതായി ‘എ’ ഗ്രൂപ്പ് നേതാക്കള്‍ ഇപ്പോള്‍ പരസ്യമായി പറഞ്ഞുതുടങ്ങിയതും രമേശിനെയാണ് ഉമ്മന്‍ചാണ്ടി ഉന്നമിട്ടതെന്ന് വ്യക്തമാക്കുന്നതായി. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ സോളാര്‍ കേസ് വലിയ പ്രശ്‌നങ്ങള്‍ക്കാണ് തുടക്കമിടുന്നതെന്ന് നേതാക്കളുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു.
സോളാര്‍ കേസ് കത്തിനില്‍ക്കുന്ന സമയം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉമ്മന്‍ചാണ്ടിയെ മാറ്റണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. പിന്നീട് രമേശ് ഇത് നിഷേധിച്ചെങ്കിലും തെളിവുകള്‍ രമേശിന് എതിരായിരുന്നു. എന്നാല്‍ പിന്നീട് നടന്ന ചര്‍ച്ചയില്‍ എ-ഐ ഗ്രൂപ്പുകള്‍ യോജിച്ച് നിങ്ങുകയായിരുന്നു. തെരെഞ്ഞെടുപ്പുകാലത്ത് ‘എ’ ഗ്രൂപ്പ് നേതാക്കന്‍മാരെ തെരെഞ്ഞുപിടിച്ച് തോല്‍പ്പിക്കുവാന്‍ ‘ഐ’ ഗ്രൂപ്പ് ശ്രമിച്ചതായ ആരോപണം ‘എ’ ഗ്രൂപ്പ് അന്നും ഇന്നും ഉന്നയിക്കുന്നുണ്ട്. പി.സി. വിഷ്ണുനാഥ്, ഡൊമിനിക് പ്രസന്റേഷന്‍, ശിവദാസന്‍നായര്‍ എന്നിവരുടെ തോല്‍വി ‘ഐ’ ഗ്രൂപ്പ് കാലുവാരിയതുകൊണ്ട് സംഭവിച്ചതാണെന്ന് ‘എ’ ഗ്രൂപ്പ് വിശ്വസിക്കുന്നു. നിയമസഭാ കക്ഷിയില്‍ ‘എ’ ഗ്രൂപ്പിന്റെ പ്രാതിനിധ്യം കുറക്കുകയായിരുന്നു ‘ഐ’ ഗ്രൂപ്പിന്റെ ലക്ഷ്യം. ഭരണം കിട്ടിയില്ലെങ്കിലും പ്രതിപക്ഷനേതാവ് സ്ഥാനം ഉറപ്പിക്കുകയായിരുന്നു രമേശിന്റെ ലക്ഷ്യമെന്നാണ് ‘എ’ ഗ്രൂപ്പ് ആരോപിക്കുന്നത്.
സോളാര് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ‘ഐ’ ഗ്രൂപ്പിനെതിരെ പരസ്യമായി നീങ്ങുവാനാണ് ‘എ’ ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. രമേശിനെതിരെ പ്രയോഗിക്കാന്‍ പറ്റിയ ചില ബോംബുകള്‍ തങ്ങളുടെ കൈയ്യിലുണ്ടെന്നാണ് ‘എ’ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. ബി.ജെ.പി. യും എല്‍.ഡി.എഫും നയിച്ച യാത്രകള്‍ വിവാദത്തില്‍ ആയതുപോലെ രമേശ് ചെന്നിത്തലയുടെ ‘പടയൊരുക്കം’ യാത്രയും കോണ്‍ഗ്രസ്സിനുള്ളിലെ പടവെട്ടലില്‍ തീരുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് ലെ മറ്റുകക്ഷികള്‍.