ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ച ഇന്ന്. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാന ചര്‍ച്ചാവിഷയം. കൂടിക്കാഴ്ച്ചയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലായില്‍ അവസാനിക്കാനിരിക്കെയാണ് മമത- സോണിയ കൂടിക്കാഴ്ച്ച. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി പിടിമുറുക്കിയ സാഹചര്യത്തില്‍ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ജനതാദല്‍ യു നേതാവ് നിതീഷ്‌കുമാര്‍, എന്‍സിപിയുടെ ശരത് പവാര്‍ എന്നിവരുമായി സോണിയ ഗാന്ധി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായും സിപിഐഎം നേതാവ് സീതാറാം യെച്ചൂരിയുമായും രാഹുല്‍ ഗാന്ധി സംസാരിച്ചിരുന്നു.
അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ സഖ്യം രൂപീകരിക്കുന്നതും സോണിയ ഗാന്ധി- മമത ബാനര്‍ജി കൂടിക്കാഴ്ച്ചയില്‍ വിഷയമാകുമെന്നാണ് സുചന.മമത ബാനര്‍ജി- സോണിയ ഗാന്ധി കൂടിക്കാഴ്ച്ച പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് നേതാവ് ആദിര്‍ ചൗധരി തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ ശിഥിലമാക്കുമെന്ന് കാണിച്ച് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു.