
ന്യൂഡല്‍ഹി: ഈ ആശുപത്രിയില്‍ കിടക്കുന്ന ഞങ്ങള്‍ കാണാനെത്തിയ ആള്‍ ഭീകരനല്ല, രാജ്യം ആദരിക്കുന്ന നേതാവാണ് അദ്ദേഹം, അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും ഞങ്ങളെ തടയാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയത് ? കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വാക്കുകള്‍ക്കു മുന്നില്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതരുടെ എല്ലാ വാദങ്ങളും തകര്‍ന്നു വീണതോടെയാണ് അഹമ്മദിന്റെ മകള്‍ക്ക് പിതാവിനെ കാണാന്‍ വഴിയൊരുങ്ങിയത്.
പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ ഇ അഹമ്മദ് ഉടന്‍ തന്നെ മരിച്ചിരുന്നുവെന്നും ബജറ്റ് അവതരണം തടസ്സപ്പെടുമെന്നതിനാല്‍ അത് മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയായിരുന്നവെന്നുമുള്ള ആക്ഷേപം ശക്തമാകുകയാണ്. ആശുപത്രിയിലെത്തിയ മുതിര്‍ന്ന നേതാക്കളെയും മക്കളെയും അഹമ്മദിനെ കാണാന്‍ അനുവദിച്ചിരുന്നില്ല. ഇത് കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ മൂലമാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സോണിയാ ഗാന്ധിയുള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തി പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ ഡോക്ടര്‍ കൂടിയായ മരുമകന്‍ ഷെര്‍സാദിനെ അഹമ്മദിനടുത്തേക്ക് പ്രവേശിപ്പിച്ചത്. അഹമ്മദ് മരിച്ചതായി അദ്ദേഹം അറിയിക്കുകയും ചെയ്തു. ഇതോടെ ആശുപത്രി അധികൃതര്‍ക്ക് ഔദ്യോഗികമായി മരണം സ്ഥിരീകരിക്കേണ്ടി വരികയായിരുന്നു. സോണിയാ ഗാന്ധിയുടെയും ഡോക്ടറായ മരുമകന്റെയും ഇടപെടലാണ് അഹമ്മദിന്റെ മരണം ബജറ്റ് അവതരണം കഴിയും വരെ മൂടിവെക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീചമായ നീക്കം തകര്‍ത്തത്.
പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള ജിതേന്ദ്ര സിങ്ങ് ആശുപത്രിയിലെത്തി നിര്‍ദ്ദേശിച്ചതു പ്രകാരമായിരുന്നു അദ്ദേഹത്തിന്റെ മരണം മൂടിവെച്ചതും സന്ദര്‍ശിക്കുന്നതില്‍ നിന്നും ബന്ധുക്കളെ പോലും തടഞ്ഞത് എന്നും കടുത്ത ആരോപണം ഉയരുന്നുണ്ട്.കനത്ത തണുപ്പും അനാരോഗ്യവും അവഗണിച്ചു സോണിയ ആശുപത്രിയിലെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിയത്. ഈ കിടക്കുന്നത് ഭീകരനല്ലെന്നും രാജ്യം ആദരിക്കുന്ന നേതാവാണെന്നും പറഞ്ഞു ആശുപത്രി അധികൃതരോടു സോണിയ തട്ടിക്കയറി. വിവരമറിഞ്ഞ് രാഹുല്‍ ഗാന്ധിയും എത്തി. പുറത്ത് ഡല്‍ഹിയിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികളായ എം.എസ്.എഫ് പ്രവര്‍ത്തകരും ബഹളംവച്ചു. എന്നിട്ടും വഴങ്ങാതിരുന്ന ആശുപത്രി അധികൃതര്‍ ഗുണ്ടകളെ ഉപയോഗിച്ച് എം പി മാരായ എം.കെ രാഘവനെയും ഇ.ടി മുഹമ്മദ് ബഷീറിനെയും വിരട്ടാന്‍ ശ്രമിച്ചു. കാണാന്‍ അനുവദിക്കുന്നില്ലെങ്കില്‍ അഹമ്മദിനെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റണമെന്ന ബന്ധുക്കള്‍ അപേക്ഷനല്‍കിയതോടെയാണ് രാംമനോഹര്‍ ലോഹ്യ ആശുപത്രി അധികൃതര്‍ പ്രതിരോധത്തിലായത്.
ആശുപത്രിയിലേക്കു മാറ്റണമെങ്കില്‍ വെന്റിലേറ്റര്‍ അല്‍പ്പനേരത്തേക്കെങ്കിലും മാറ്റേണ്ടിവരും. ഇതുമുന്നില്‍ക്കണ്ട് ആശുപത്രി അധികൃതര്‍ ഈയാവശ്യം നിരസിച്ചതോടെ ഇക്കാര്യം എഴുതിനല്‍കാന്‍ അഹമ്മദിന്റെ മക്കള്‍ ആവശ്യപ്പെട്ടു. ഇതോടെ ഗത്യന്തരമില്ലാതെ മക്കളെ മുറിക്കുള്ളിലേക്കു കടക്കാന്‍ അനുവദിക്കുകയായിരുന്നു. മക്കള്‍ സന്ദര്‍ശിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മരണവും സ്ഥിരീകരിച്ചു. മരണം എപ്പോഴോ സംഭവിച്ചതായി മരുമകന്‍ ഡോ. ഷെര്‍സാദ് പുറത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മെഡിക്കല്‍ സൂപ്രണ്ട് സ്ഥിരീകരിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഞാനൊരു ഡോക്ടറാണ്. ഞാന്‍ സ്ഥിരീകരിച്ചെന്നു മരുമകന്‍ പറഞ്ഞു.അതേസമയം, തങ്ങളെ മുറിയിലേക്കു കടത്തിയില്ലെന്ന് ആരോപിച്ച് അഹമ്മദിന്റെ മക്കള്‍ രാംമനോഹര്‍ ലോഹ്യആശുപത്രി പൊലിസില്‍ പരാതി നല്‍കി.