ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാര്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു. യാത്രാവിലക്കുപട്ടിക നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനൊരു നടപടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ കൂടി ശേഖരിക്കാനുള്ള സംവിധാനം അടുത്ത മൂന്നുമാസത്തിന് അകം നടപ്പിലാക്കുമെന്നാണ് വിവരം.
കുറ്റങ്ങളുടെ തീവ്രതയനുസരിച്ച് വിലക്കുപട്ടികയിലുള്ള യാത്രികരെ നാലായി തിരിക്കും. യാത്രാവിലക്കിന്റെ കാലാവധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതുപ്രകാരമായിരിക്കും തീരുമാനിക്കുക. വിലക്കുപട്ടിക നടപ്പിലാക്കുവാന്‍ എല്ലാ യാത്രികരുടെ വ്യക്തിവിവരങ്ങളും അറിഞ്ഞിരിക്കണം. വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം ആധാര്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ കൂടി ചേര്‍ക്കുന്നതിലൂടെ ഇത് നടപ്പിലാക്കാം മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വിവരിച്ചു.
സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് ( സിഎആര്‍) കരട് രൂപം പൊതുജന അഭിപ്രായരൂപീകരണത്തിനായി അടുത്തയാഴ്ചയോടെ പുറത്തിറക്കും. പൊതുജനങ്ങള്‍ക്ക് 30 ദിവസം വരെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം. ജൂലൈയോടെ സംവിധാനം നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ കരുതുന്നു.
എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ശിവസേന എംപിയെ വിമാനക്കമ്പനികള്‍ വിലക്കിയതിനു പിന്നാലെയാണ് വിലക്കുപട്ടിക എന്ന ആശയവുമായി വ്യോമയാനമന്ത്രാലയം രംഗത്തുവന്നത്.