മിനാ: പുണ്യ ഹജ്ജ് കര്‍മ്മത്തിനിടെ മെക്കയില്‍ 717 ലധികം പേരുടെ മരണത്തിനിടയാക്കിയ ദാരുണസംഭവത്തില്‍ ലോകം ദുഖിച്ചിരിക്കുമ്പോള്‍ അപകടത്തിനും മരണത്തിനും കാരണം സൗദി രാജകുമാരനാണെന്ന് ആരോപണവുമായി ലെബനന്‍ പത്രം രംഗത്തു വന്നു. അനുവദനീയമായ അളവിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ തള്ളിക്കയറിയത് തിക്കിനും തിരക്കിനും കാരണമായതായെന്ന വിശദീകരണവുമായി സൗദി അധികൃതര്‍ രംഗത്ത് വന്നിരിക്കെയാണ് സൗദി രാജകുമാരന്‍ സല്‍മാന ബിന്‍ അബ്‌ദുള്‍ അസീസ് അല്‍ സൗദിനെ ദുരന്തത്തില്‍ കുറ്റപ്പെടുത്തിക്കൊണ്ട് അറബി മാധ്യമം രംഗത്ത് വന്നത്. തീര്‍ത്ഥാടന സ്‌ഥലത്തേക്ക് രാജകുമാരന്‍ വന്നതായുളള അറിയിപ്പാണ് അപ്രതീക്ഷിത തിരക്കുണ്ടാക്കിയതെന്ന് ഡെയ്‌ലി അല്‍ ദിയാര്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. വ്യാഴാഴ്‌ച വിശ്വാസികള്‍ സഞ്ചരിക്കുന്നതിനിടെ കനത്ത സുരക്ഷാ വലയത്തില്‍ മിനയിലേക്ക് രാജകുമാരന്‍ വരുന്നതായുള്ള അറിയിപ്പ് വന്നെന്നും വന്‍ സുരക്ഷാ ഉദ്യോഗസ്‌ഥ വൃന്ദത്തോടൊപ്പമുള്ള ഇദ്ദേഹത്തിന്റെ വരവ് തീര്‍ത്ഥാടകരുടെ ദിശയും ബാലന്‍സും തെറ്റിക്കുകയായിരുന്നെന്നും ഇത് പിന്നീട് വലിയ ദുരന്തത്തിന് കാരണമായി മാറുകയായിരുന്നെന്നും ലബനീസ് പത്രം പറഞ്ഞു. സംഭവത്തിന് പിന്നാലെ രാജകുമാരന്റെയും പരിവാരങ്ങളുടെയും വിവരം സമര്‍ത്ഥമായി സൗദി മറച്ചു പിടിച്ച് മറ്റൊരു കഥ മെനഞ്ഞെന്നുമാണ് ആരോപണം. അതേസമയം റിപ്പോര്‍ട്ട് സൗദി തള്ളിയിട്ടുണ്ട്. സൗദിയുടെ എതിരാളികള്‍ പുറത്തു വിടുന്ന അസംബന്ധ റിപ്പോര്‍ട്ടുകളാണ് ഇതെന്നും സൗദി വിമര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരണമടഞ്ഞവരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ലെന്നുമാണ് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ സൗദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എത്തിയത് കടുത്ത എതിരാളികളായ ഇറാനായിരുന്നു 131 ഇറാന്‍കാര്‍ ഉള്‍പ്പെടെ അനേകം പേര്‍ മരിക്കാനിടയായ സംഭവം സൗദിയുടെ പിടിപ്പുകേടാണെന്ന് അവര്‍ നേരത്തേ വിമര്‍ശിച്ചിരുന്നു. സൗദിക്ക് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലെന്നും അവര്‍ വിമര്‍ശിച്ചിരുന്നു.