നടി പറഞ്ഞ് കേട്ട് ഞെട്ടിത്തരിച്ചുപോയെന്ന് പിടി തോമസ് എംഎല്‍എ; മയക്കുമരുന്ന് കുത്തിവെച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തി

കൊച്ചി: നടിയ്ക്കുനേരെയുണ്ടായ ഗുണ്ടാ അക്രമണത്തില്‍ താരം പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിയ്ക്കുന്നതാണെന്ന് പിടി തോമസ് എംഎല്‍എ. ആദ്യം സംഭവസ്ഥലത്തെത്തിയത് പി.ടി തോമസ് എംഎല്‍എയും നിര്‍മാതാവ് ആന്റോ ജോസഫുമായിരുന്നു. ഇന്നലെ നടന്ന സംഭവങ്ങളെക്കുറിച്ച് പി.ടി തോമസ് മനോരമ ന്യൂസിലെ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഇന്നലെ രാത്രി ഏകദേശം പതിനൊന്നര കഴിഞ്ഞപ്പോഴാണ് സിനിമാ നിര്‍മാതാവും തന്റെ സുഹൃത്തുമായ ആന്റോ ജോസഫ് സംഭവം വിളിച്ചു പറയുന്നത്. ഉടന്‍ താനും ആന്റോ ജോസഫും സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി. അവിടെയെത്തിയപ്പോള്‍ നടിയും അറസ്റ്റിലായെന്നു പറയുന്ന ഡ്രൈവറും നില്‍ക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്കു പരുക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും നടി തന്നോടു പറഞ്ഞു. തങ്ങള്‍ എത്തിയതിന്റെ കൂടെത്തന്നെ പൊലീസ് സംഘവും ഇവിടെയെത്തി. വളരെ നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടിയില്‍ നിന്നും അറിയാനായത്. ഡല്‍ഹിയിലെ നിര്‍ഭയ കേസിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് തനിക്കു കേള്‍ക്കാനായത്. എല്ലാ കേട്ട് താന്‍ പകച്ചു നിന്നു.

താന്‍ ഐജിയെ ഫോണില്‍ വിളിച്ച് ഫോണ്‍ നടിയ്ക്കു കൈമാറി. ഐജിയും നടിയും ഫോണില്‍ സംസാരിച്ചു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് ഓഫിസര്‍മാര്‍ സ്ഥലത്തെത്തി. ഈ സമയത്തെല്ലാം അവിടെയുണ്ടായിരുന്ന അറസ്റ്റിലായ ഡ്രൈവറുടെ പെരുമാറ്റം തികച്ചും സംശയാസ്പദമായ രീതിയിലായിരുന്നു.

പി.ടി.തോമസ് എംഎല്‍എ. രാത്രി ഈ സംഭവം അറിഞ്ഞ ഉടന്‍ താന്‍ സ്ഥലത്തെത്തിയെന്നും പി.ടി.തോമസ് പറഞ്ഞു. തങ്ങള്‍ ക്വട്ടേഷന്‍ എടുത്തതാണ് എന്നാണ് അക്രമികള്‍ നടിയോട് പറഞ്ഞത്. പ്രശ്നം ഉണ്ടാക്കിയാല്‍ ഡിജെ പാര്‍ട്ടിയില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവെച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

അത്താണിയില്‍ വെച്ച് നടി സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചതിന് ശേഷമാണ് അക്രമികള്‍ നടിയുടെ വാഹനത്തില്‍ കയറിയത് എന്നായിരുന്നു നടി പറഞ്ഞത്. ഇത്രയും ദൂരം നടിയെ പീഡിപ്പിച്ചപ്പോള്‍ എന്തുകൊണ്ടാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്താനോ സംഭവം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനോ ശ്രമിക്കാതിരുന്നതെന്ന ചോദ്യത്തിന് ഡ്രൈവര്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെന്നും പി.ടി.തോമസ് പറഞ്ഞു.

സ്ത്രീകള്‍ക്കും ജനങ്ങള്‍ക്കും കേരളത്തില്‍ ഒരു സുരക്ഷയുമില്ല. ഒരു സെലിബ്രേറ്റിക്കാണ് ഇത് സംഭവിച്ചത്. ഇത്തരം അക്രമികളെ ചെറുക്കാന്‍ കേരളസമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.

Top