ജയ്പ്പൂര്‍: മദ്യപിച്ച് വാഹനമോടിച്ച എംഎല്‍എയുടെ മകന്‍ മൂന്ന് പേരുടെ ജീവനെടുത്തു. രാജസ്ഥാനില്‍ എംഎല്‍എ നന്ദകിഷോര്‍ മെഹ്റായിയുടെ മകന്‍ സിദ്ധാര്‍ത്ഥ് മെഹ്റായിയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. ബിഎംഡബ്ല്യു കാര്‍ ഇടിച്ച് മൂന്നു പേര്‍ മരിക്കുകയായിരുന്നു.
അമിതവേഗതയില്‍ വന്ന കാര്‍ റോഡിലൂടെ പോവുകയായിരുന്നു പൊലീസ് ജീപ്പിലും തുടര്‍ന്ന് ഓട്ടോറിക്ഷയിലും ഇടിക്കുകയായികുന്നു. അപകടത്തില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന മൂന്ന് പേര്‍ തത്ക്ഷണം മരിച്ചു. പൊലീസ് വാഹനത്തിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം സിദ്ധാര്‍ത്ഥിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു വാഹനം ഓടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സിദ്ധാര്‍ത്ഥിന്റെ രക്തം പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. അതേസമയം സംഭവത്തില്‍ താന്‍ കുറ്റക്കാരനല്ലെന്നും തന്റെ ഡ്രൈവറാണ് കാര്‍ ഓടിച്ചിരുന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.