കൊച്ചി :ഡാറ്റാ വിവാദം ഉയർത്തിയ ചെന്നിത്തലക്കും കോൺഗ്രസിനും കനത്ത പ്രഹരം നൽകി കോടതി ഇടപെടൽ . സ്പ്രിൻക്ലർ കരാർ തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി കടുത്ത ഉപാധികളോടെ കരാറിന് അനുമതി നൽകി. വ്യക്തികൾ അറിയാതെയും അവരുടെ സമ്മതമില്ലാതെയും വിവരങ്ങൾ ശേഖരിക്കരുതെന്ന് സർക്കാരിനോട് നിർദ്ദേശിച്ച കോടതി സർക്കാർ ലോഗോ ഉപയോഗിക്കരുതെന്ന് സ്‌പ്രിൻക്ലറിനോട് ആവശ്യപ്പെട്ടു. വാണിജ്യ ആവശ്യങ്ങൾക്കായി ഡേറ്റ ഉപയോഗിക്കരുതെന്നും കമ്പനിയോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സ്പ്രിൻക്ലർ ഒരു പരസ്യവും നൽകരുതെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. മൂന്നാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
കാര്യതാ ലംഘനമുണ്ടായാൽ സ്പ്രിൻക്ലർ കമ്പനിയെ വിലക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് തടസ്സം വരാതിരിക്കാനായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് അനുമതി നൽകിയിരിക്കുന്നത്. ഇനി മുതൽ കമ്പനിയുടെ സോഫ്ട്‍വെയറിൽ ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് വ്യക്തികളുടെ അനുമതി വാങ്ങിയിരിക്കണം, കമ്പനിക്ക് ഒരു കാരണവശാലും വ്യക്തികളെ തിരിച്ചറിയാൻ കഴിയരുത്, വ്യക്തികളുടെ രഹസ്യാത്മകത ഉറപ്പാക്കണം, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരസ്യം നൽകാൻ പാടില്ല, കേരള സർക്കാരിന്റെ മുദ്രയും പേരും ഉപയോഗിക്കാൻ പാടില്ല, കരാർ കാലാവധിക്ക് ശേഷം മുഴുവൻ ഡേറ്റയും തിരികെ നൽകണം, സെക്കന്ററി ഡാറ്റകൾ കമ്പനിയുടെ കയ്യിലുണ്ടെങ്കിൽ നശിപ്പിച്ചു കളയണം തുടങ്ങിയ ഉപാധികൾ വച്ചുകൊണ്ടാണ് സർക്കാർ കരാറുമായി മുന്നോട്ടുപോകാൻ അനുവദിച്ചിരിക്കുന്നത്.
കൊവിഡ് പ്രതിരോധത്തെ ബാധിക്കുന്ന ഇടപെടൽ കോടതിയിൽ നിന്നുണ്ടാകില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റൊരു സാഹചര്യമായിരുന്നെങ്കിൽ ഇടപെടാമായിരുന്നുവെന്നും പറഞ്ഞു. സന്തുലിതമായ നിലപാട് മാത്രമെ ഇപ്പോൾ സ്വീകരിക്കാനാവൂവെന്നും കോടതി അറിയിച്ചു. സർക്കാരെടുത്ത പല നിലപാടുകളോടും യോജിക്കാനാകില്ല. കരാറിൽ സന്തുഷ്ടിയില്ല. സ്‌പ്രിൻക്ലറിന് നൽകുന്ന പേര്,മേൽവിലാസം, ഫോൺനമ്പർ എന്നിവ രഹസ്യമായി സൂക്ഷിക്കണമെന്നും ആധാർ വിവരങ്ങൾ സ്പ്രിൻക്ലറിന് നൽകരുതെന്നും കോടതി വ്യക്തമാക്കി.സ്പ്രിൻക്ലറെ കൂടാതെ ഡേറ്റ ശേഖരണം നടക്കില്ലെന്നാണ് സർക്കാർ പറഞ്ഞത്.അതുകൊണ്ട് മാത്രം കോടതി ഇപ്പോൾ ഇടപെടുന്നില്ല. എല്ലാ വ്യക്തിവിവരങ്ങളും രഹസ്യമാക്കാമെന്ന് സർക്കാർ സമ്മതിച്ചു. സ്പ്രിൻക്ളറുടെ കാലാവധിക്ക് ശേഷം കേന്ദ്രത്തെ സമീപിക്കാമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.കൊവിഡ് ഡാറ്റ മറ്റാർക്കും കൈമാറരുതെന്ന് സ്പ്രിൻക്ലറിനും കോടതി നിർദ്ദേശം നൽകി.വിശകലനത്തിന് ശേഷം സ്പ്രിൻക്ലർ പ്രൈമറി ഡേറ്റയും സെക്കൻഡറി ഡേറ്റയും സർക്കാരിന് തിരികെ കൈമാറണമെന്നും സ്പ്രിൻക്ലറിനോട് നിർദ്ദേശിച്ചു.
കേസിൽ കക്ഷിചേർക്കപ്പെട്ട രമേശ് ചെന്നിത്തല, സി.ആർ.നീലകണ്ഠൻ, ഐടി വിദഗ്ധൻ തുടങ്ങിയവരുടെ വാദത്തിനു ശേഷം സർക്കാർ അഭിഭാഷക വാദം തുടരുന്നതിനിടെയാണ് സർക്കാർ നടപടിക്കെതിരെയുള്ള കോടതിയുടെ പരാമർശം. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതു സർക്കാരുകളുടെ ഉത്തരവാദിത്തമെന്ന് അഭിഭാഷക പറഞ്ഞപ്പോൾ അത് എടുത്തു പറഞ്ഞ് വിവര സുരക്ഷിതത്വത്തിൽ കൂടുതൽ കരുതൽ വേണ്ടത് സർക്കാരിനു തന്നെയെന്ന് ഹൈക്കോടതിയും വിശദീകരിച്ചു.
2020ലെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം ഡേറ്റ ശേഖരിക്കാൻ സർക്കാരിന് അധികാരമുണ്ട്. അത് കേന്ദ്ര സർക്കാരിന്റെ മാനദണ്ഡപ്രകാരമാണു നടക്കുന്നത് എന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമെന്നും സർക്കാരിനു വേണ്ടി ഹാജരായ മുംബൈയിൽ നിന്നുള്ള സൈബർ വിദഗ്ധയായ അഭിഭാഷക എൻ.എസ്.നപ്പിനൈ വിശദീകരിച്ചു.സ്പ്രിൻക്ലർ കമ്പനി കരാർ ലംഘിച്ചാൽ അമേരിക്കയിൽ മാത്രമേ നിയമ നടപടി എടുക്കാൻ കഴിയൂ എന്ന വിവരം സർക്കാർ കോടതിയിൽ സമ്മതിച്ചു. എന്നാൽ ഏതെങ്കിലും തരത്തിൽ വിവരച്ചോർച്ചയുണ്ടായാൽ പൊതുജനങ്ങൾക്ക് ക്രിമിനൽ നടപടിയുമായി രാജ്യത്തെ കോടതികളെ സമീപിക്കാമെന്നും കോടതിയെ അറിയിച്ചു.