അഭയ കേസില്‍ മൂന്ന് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസില്‍ മൂന്ന് പ്രതികൾ നൽകിയ വിടുതൽ ഹര്‍ജിയിൽ ഇന്ന് വിധി പറയും. പ്രതികളായ ഫാദർ തോമസ് എം. കോട്ടൂർ, ഫാദർ ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണ് സിബിഐ കോടതിയിൽ ഹര്‍ജി നൽകിയിരിക്കുന്നത്. തങ്ങൾക്കെതിരായ കേസ് സിബിഐ കെട്ടിച്ചമച്ചതാണെന്നും സാക്ഷികളുടെ മൊഴി സിബിഐ ഭീഷണിപ്പെടുത്തി എഴുതി തയാറാക്കിയതാണെന്നുമാണ് പ്രതികളുടെ വാദം. എന്നാൽ, രാത്രികാലങ്ങളിൽ ഇരുവികാരിമാരും കോൺവെന്റിലെ മതിൽ ചാടിക്കടന്ന് സിസ്റ്റർ സെഫിയെ കാണാൻ എത്തിയിരുന്നതായി സാക്ഷി മൊഴികളുണ്ടെന്നും സെഫിയും വികാരിമാരുമായുള്ള അവിഹിത ബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് സിബിഐ വാദം. 1992 മാർച്ച് 27നാണ് കോട്ടയം പയസ് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പത് മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോർട്ട് നൽകി. എന്നാൽ, സംസ്ഥാന സർക്കാറിന്റെ  ശുപാർശപ്രകാരം 1993 മാർച്ച് 29ന് കേസ് സിബിഐ ഏറ്റെടുത്തു. മൂന്നുതവണ അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ, കോടതിയുടെ അനുമതി തേടിയിരുന്നു. എന്നാൽ, മൂന്നു പ്രാവശ്യവും റിപ്പോർട്ട് തള്ളിയ കോടതി കേസിൽ തുടരന്വേഷണം നടത്താൻ സിബിഐയോട് നിർദേശിക്കുകയായിരുന്നു.

Top