കൊച്ചി: അഭയ കേസ് പ്രതികൾക്ക് ഹെെക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹർജിയിലാണ് ഹെെക്കോടതി വിധി പറഞ്ഞത്.കർശന ഉപാധികളോടെയാണ് ജാമ്യം. 5 ലക്ഷം രൂപ കെട്ടിവയ്ക്കണം, സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളാണ് ഹൈക്കോടതി പ്രതികള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. അതേസമയം പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതില്‍ രൂക്ഷ വിമർശവുമായി സാമൂഹ്യപ്രവർത്തകനും ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹിയുമായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ രംഗത്ത് എത്തി.
അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ഉത്തരവിൻറെ അടിസ്ഥാനത്തിൽ ശിക്ഷാ നടപടികൾ നടപ്പാക്കുന്നത് നിർത്തിവച്ചു.
സി ബി ഐയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് ഇടയാക്കിയതെന്നാണ് കേസിലെ കക്ഷി കൂടിയായ ജോമോന്‍ പുത്തന്‍ പുരക്കല്‍ വ്യക്തമാക്കുന്നത്. പ്രതികള്‍ കൊടുത്ത അപ്പീലില്‍ കൌണ്ടർ അപ്പീല്‍ പോലും സി ബി ഐ ഫയല്‍ ചെയ്തിട്ടില്ല. ഹർജി കഴിഞ്ഞയാഴ്ച പരിഗണനയ്ക്ക് വന്നപ്പോള്‍ പ്രതികള്‍ക്ക് ജാമ്യം കൊടുക്കുന്ന പ്രശ്നമേയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്നോട്ടുള്ള വാദത്തില്‍ കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ സി ബി ഐക്ക് സാധിച്ചില്ല.
കേരളത്തില്‍ നടക്കുന്ന കേസില്‍ തെലങ്കാനയില്‍ നിന്നും ഈ കേസിനെ കുറിച്ച് ഒന്നും അറിയാത്ത ഒരു വക്കീലിനെ കൊണ്ടുവരികയായിരുന്നു. കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് അയാള്‍ക്ക് ഉത്തരം പറയാന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ സി ബി ഐ കരുതിക്കൂട്ടി തന്നെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ഡിസംബർ 23-നായിരുന്നു 28 വർഷം നീണ്ട നിയമവ്യവഹാരങ്ങൾക്ക് ശേഷം പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചത്. ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷിച്ചത്. കേസിൽ 49 സാക്ഷികളെ ഉൾപ്പെടെ വിസ്തരിച്ച ശേഷമായിരുന്നു രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സി. സെഫിയ്ക്കും ജീവപര്യന്തം ശിക്ഷയായിരുന്നു കോടതി വിധിച്ചത്. കോട്ടൂരിന് ഇരട്ട ജീവപരന്ത്യവും സെഫിയ്ക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്.
എന്നാൽ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ പ്രതികൾ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിൻറെ ആധികാരികതയും ഹർജിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.