ബോളിവുഡ് നടി ശ്രീദേവിയുടേത് അപകടമരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമുള്ള സംശയം ഉന്നയിച്ച് ഡല്‍ഹി പൊലീസിലെ മുന്‍ എസിപി വേദ് ഭൂഷണ്‍. പൊലീസ് സേനയില്‍ നിന്ന് വിരമിച്ച വേദ് ഭൂഷണ്‍ ഇപ്പോള്‍ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്. അദ്ദേഹമാണ് ശ്രീദേവിയുടേത് അപകട മുങ്ങിമരണമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അതൊരു ആസൂത്രിതമായ കൊലപാതകം ആണെന്നുമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത്.
‘ഒരാളെ ബാത്ത് ടബ്ബി ല്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ് അവശേഷിപ്പിക്കാതെയിരിക്കാനും അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇത് ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് എനിക്ക് തോന്നുന്നത്’- വേദ് ഭൂഷണ്‍ പറഞ്ഞു. ദുബൈയില്‍ ഉള്‍പ്പെടെ പോയി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഫെബ്രുവരി 26ന് ദുബൈ പൊലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത് ശ്രീദേവിയുടേത് അപകടമരണം ആണെന്നാണ്. ബാത്ത് ടബ്ബില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉള്ളില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. ദുബൈ പൊലീസിന്റെ ഈ വാദഗതിയെയാണ് ഭൂഷണ്‍ എതിര്‍ക്കുന്നത്. ദുബൈയിലെ ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ സന്ദര്‍ശിച്ചെങ്കിലും ശ്രീദേവി മരിച്ച മുറി സന്ദര്‍ശിക്കാന്‍ വേദ് ഭൂഷണ് അനുവാദം ലഭിച്ചില്ല. അതുകൊണ്ട് ശ്രീദേവി മരിച്ച മുറിയുടെ അതേ രീതിയിലുള്ള മറ്റൊരു മുറിയില്‍ മരണം റീക്രിയേറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തത്.
‘ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. എന്തൊക്കെയോ മറച്ചു വെച്ചിരിക്കുന്നു എന്നാണ് എനിക്ക് മനസ്സിലായത്’ – വേദ് ഭൂഷണ്‍ പറഞ്ഞു.
ശ്രീദേവിയുടേത് അപകടമരണമാണെന്നുള്ള ദുബൈ പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെ ചിലരെങ്കിലും ഇതിന്റെ സത്യസന്ധതയെ ചോദ്യം ചെയ്തിരുന്നു. ഹിന്ദി, ഇംഗ്ലീഷ് വാര്‍ത്താചാനലുകള്‍ എല്ലാ അതിരുകളും ലംഘിച്ച് ഈ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണ് എന്നും ആരോപിച്ചാണ് സിനിമാ നിര്‍മ്മാതാവായ സുനില്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചത്. വിചിത്രമായ വാദമാണ് ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് വേണ്ടി ശ്രീദേവിയെ കൊലപ്പെടുത്തിയതാണ് എന്നാണ് സുനില്‍ സിംഗ് ഉന്നയിച്ച ആരോപണം. 240 കോടി ആണത്രേ ഇന്‍ഷൂറന്‍സ് തുക. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
ഒമാനില്‍ ശ്രീദേവിക്ക് 240 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയുണ്ട്. ഈ ഇന്‍ഷൂറന്‍സ് തുക യുഎഇയില്‍ വെച്ച് മരിച്ചാല്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഈ പണത്തിന് വേണ്ടിയാണ് ശ്രീദേവിയെ കൊലപ്പെടുത്തിയതെന്നാണ് സുനില്‍ സിംഗ് ആരോപിക്കുന്നത്.
ശ്രീദേവിയുടെ മരണസമയത്ത് താനും ദുബൈയില്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ സുനില്‍ സിംഗ് അവകാശപ്പെട്ടിരുന്നു. ശ്രീദേവിയുടെ മരണത്തെക്കുറിച്ച് അവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരോട് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ അന്നവര്‍ പറഞ്ഞ കാര്യങ്ങളല്ല പിന്നീട് അന്വേഷണ റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നതെന്നും സുനില്‍ സിംഗ് ആരോപിച്ചിരുന്നു. ശ്രീദേവിയുടെ മരണം ദേശീയ വിഷയം ആണെന്നും അവര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള അവകാശം പൊതുജനത്തിനും ആരാധകര്‍ക്കും ഉണ്ടെന്നും സുനില്‍ സിംഗ് പറയുന്നു.
ശ്രീദേവിയുടെ മരണ സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാണ് ദില്ലി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സുനില്‍ സിംഗ് ഉന്നയിച്ച ആവശ്യം. 5 അടി നീളമുള്ള ബാത്ത് ടബ്ബിലാണ് ശ്രീദേവി മരിച്ച് കിടന്നത്. ശ്രീദേവിയുടെ ഉയരം 5 അടി 7 ഇഞ്ച് ആണെന്നിരിക്കേ എങ്ങനെ മരണം സാധ്യമാകും എന്ന് സുനില്‍ സിംഗ് ചോദിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ശ്രീദേവി ബോധം പോയി ബാത്ത്ടബ്ബിലേക്ക് വീണു മരിച്ചു എന്നാണ്. ഇത് സംശയമുണര്‍ത്തുന്നതാണ് എന്നാണ് ഹര്‍ജിക്കാരന്റെ വാദം.