ചെന്നൈ: അന്തരിച്ച ഇന്ത്യന്‍ താര സുന്ദരി ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്ത് കടലില്‍ നിമഞ്ജനം ചെയ്യുന്നതിനായി ഭര്‍ത്താവ് ബോണി കപൂര്‍ ചെന്നൈയില്‍. പ്രത്യേക വിമാനത്തിലാണ് ശ്രീദേവിയുടെ ചിതാഭസ്മവുമായി ബോണി കപൂര്‍ ചെന്നൈയിലെത്തിയത്. ഇന്ന് കടലില്‍ നിമഞ്ജനം ചെയ്യുന്നതിനായി വിശുദ്ധ നഗരമായ രാമേശ്വരത്തേക്ക് ബോണി കപൂര്‍ പുറപ്പെടും. ഫെബ്രുവരി 24നാണ് ദുബൈയിലെ ഹോട്ടലില്‍ വെച്ച് ഇന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മരണപ്പെട്ടത്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചു കൊണ്ട് ബോണി കപൂര്‍ കുറിപ്പ് എഴുതിയിരുന്നു.
ബോണിയുടെ വാക്കുകള്‍:
‘ഭാര്യ, അമ്മ, സുഹൃത്ത് എന്നിവയൊക്കെയായിരുന്ന ഒരാളുടെ നഷ്ടം നല്‍കുന്നത് വിവരിക്കാനാകാത്ത വിധത്തിലുള്ള ദു:ഖമാണ്. ശ്രീദേവി നഷ്ടമായപ്പോള്‍ എല്ലാ പിന്തുണയും നല്‍കി തളര്‍ന്നു പോകാന്‍ അനുവദിക്കാതെ ഞങ്ങള്‍ക്കൊപ്പം നിന്ന കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും ആദ്യം തന്നെ ഹൃദയംഗമായ നന്ദി അറിയിക്കുകയാണ്.
ഈ ലോകത്തിന് ശ്രീദേവി അവരുടെ ചാന്ദിനിയാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം സുഹൃത്തും സഹകാരിയും എന്റെ കുട്ടികളുടെ അമ്മയുമൊക്കെയായിരുന്നു ശ്രീ. എല്ലാമായിരുന്നു ശ്രീദേവി ഞങ്ങള്‍ക്ക്. കുടുംബത്തെ നയിച്ചിരുന്ന കേന്ദ്ര ബിന്ദുവായിരുന്നു അവള്‍. എല്ലാ ആദരവും നല്‍കി അവളെ യാത്രയാക്കുമ്പോള്‍ ഒരു അപേക്ഷ മാത്രമെ എനിക്കുള്ളു. ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കുവാന്‍ ദയവായി എല്ലാവരും തയ്യാറാകണം. പകരം വയ്ക്കാനില്ലാത്ത അഭിനയത്രിയാണ് ശ്രീദേവി.
ശ്രീയുമായി ബന്ധിപ്പിക്കുന്ന എല്ലാ നല്ല ഓര്‍മ്മകളും നിങ്ങള്‍ക്ക് പങ്കു വയ്ക്കാം. ഒരു നടന്റെയോ നടിയുടെയോ മുമ്പില്‍ തിരശീല ഒരിക്കലും താഴുന്നില്ല. കാരണം അഭ്രപാളിയില്‍ അവര്‍ എന്നും മിന്നും താരകങ്ങള്‍ തന്നെയാണ്. ശ്രീദേവിയുടെ അഭാവത്തില്‍ രണ്ട് പെണ്‍മക്കളെയും ജീവിതത്തില്‍ മുന്നോട്ടു കൊണ്ടു പോവുക എന്നുള്ളതാണ് എന്റെ മുന്നിലെ ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി. ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷത്തിന് കാരണം തന്ന ശ്രീ ആയിരുന്നു. ഇനി ഒരിക്കലും ആ സന്തോഷം ഞങ്ങള്‍ക്ക് തിരികെ ലഭിക്കില്ല. എന്റെ പ്രിയതമേ നീ സമാധാനമായി ഉറങ്ങിക്കൊള്ളൂ.