ദുബൈ: ബന്ധുവും നടനുമായ മോഹിത് മര്‍വയുടെ വിവാഹ വിരുന്നില്‍ ഒരു റാണിയെപ്പോലെ സുന്ദരിയായിരുന്നു ശ്രീദേവി. വീവാഹത്തിന്റെ ചിത്രങ്ങളിലും വീഡിയോകളിലും അതീവ സന്തോഷവതിയാണ് അവര്‍. എന്നാല്‍ മണിക്കൂറുകള്‍ പോലും നീണ്ട് നിന്നില്ല ആ സന്തോഷം. ഇപ്പോഴും പുറത്ത് വരാത്ത ഒരു കാരണം അവരുടെ ജീവനെടുത്തു. എല്ലാ ആടയാഭരണങ്ങളും അഴിച്ച് വെച്ച് മോര്‍ച്ചറിയിലെ തണുത്തുറഞ്ഞ രണ്ടാം നമ്പര്‍ ഫ്രീസറില്‍ അവസാനത്തെ ഉറക്കത്തിലാണ് ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍. ശനിയാഴ്ച രാത്രിയോടെയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചത്. എന്നാല്‍ മൃതദേഹം ഇതുവരെ നാട്ടിലേക്ക് എത്തിക്കാനായിട്ടില്ല. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാകാത്തതാണ് മൃതദേഹം കൊണ്ടുവരുന്നത് വൈകുന്നതിന് കാരണം. ഇന്ന് മൃതദേഹം മുംബൈയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ശ്രീദേവിയുടെ മരണകാരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. ദുബൈ ഖിസൈസിലെ പോലീസ് ഫോറന്‍സിക് ലബോറട്ടിയിലെ മോര്‍ച്ചറിയിലാണ് രണ്ടാം നാളിലെ ശ്രീദേവിയുടെ അന്ത്യവിശ്രമം. ഞായറാഴ്ച തന്നെ മൃതദേഹം മുംബൈയിലെക്ക് കൊണ്ടുവരാനാകും എന്നായിരുന്നു കരുതിയത്. എന്നാല്‍ മരണകാരണം സംബന്ധിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കി മൃതദേഹം വിട്ട് നല്‍കാനാണ് ദുബൈ പോലീസും സര്‍ക്കാരും തീരുമാനിച്ചത്. പരിശോധനകളും മറ്റ് ഔദ്യോഗിക നടപടികളും പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകിട്ടോടെ മാത്രമേ ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കൂ എന്നാണ് അറിയുന്നത്. ശ്രീദേവിയുടെ രക്തസാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നത് വരെ ശ്രീദേവിയുടെ മൃതദേഹം സൂക്ഷിക്കാനാണ് തീരുമാനം. ശ്രീദേവിയുടെ മരണത്തില്‍ ബര്‍ദുബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രക്തപരിശോധനയ്ക്ക് ശേഷം ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നും അനുകൂല സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. മരണത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല എങ്കില്‍ ബര്‍ദുബൈ പൊലീസ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കും. അതിന് ശേഷമേ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് പാസ്‌പോര്‍ട്ട് റദ്ദാക്കാനാവൂ. ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കം ലഭിച്ച ശേഷം മൃതദേഹം എംബാമിങ്ങിനായി മുഹൈസിനിയിലെ മെഡിക്കല്‍ ഫിറ്റ്‌നെസ് സെന്ററിലേക്ക് കൊണ്ടുപോകും. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മറ്റ് നടപടികളെല്ലാം വേഗത്തിലാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അനില്‍ അംബാനി ഏര്‍പ്പെടുത്തിയ സ്വകാര്യ വിമാനം ദുബൈയിലെത്തിയിട്ടുണ്ട്. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ശ്രീദേവിയുടെ അപ്രതീക്ഷിതമായ മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പുറത്ത് പ്രചരിക്കുന്നുണ്ട്. ഹൃദയാഘാതം മൂലമാണ് മരണമെന്നും, ബാത്ത് റൂമില്‍ കുഴഞ്ഞ് വീണതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ശ്രീദേവിയുടെ യഥാര്‍ത്ഥ മരണ കാരണം എന്തെന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരോ കുടുംബാംഗങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. ബാത്ത് റൂമില്‍ കുഴഞ്ഞ് വീണത് മൂലമുണ്ടായ ആഘാതമാണോ മരണകാരണം അതോ ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണതാണോ തുടങ്ങിയ കാര്യങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂ. ഭര്‍ത്താവ് ബോണി കപൂറും രണ്ട് മക്കളില്‍ ഒരാളായ ഖുഷിയും മരണസമയത്ത് ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നു. ശ്രീദേവിയും കുടുംബവും താമസിച്ചിരുന്ന ദുബൈ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ ബാത്ത്‌റൂമിലാണ് നടി കുഴഞ്ഞ് വീണത്. രാത്രി തന്നെ മരണം സ്ഥിരീകരിച്ചിരുന്നു. ശേഷം മൃതദേഹം ഖിസൈസിസെ ദുബൈ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. ശ്രീദേവി താമസിച്ചിരുന്ന ഹോട്ടലില്‍ ബര്‍ദുബൈ പോലീസ് പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലാണ് ശ്രീദേവിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം കാണിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ട്.
രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു; മരണകാരണം രഹസ്യമാക്കി ബന്ധുക്കള്‍
Tags: sreedevi death