
കൊച്ചി:പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് വീടാക്രമണക്കേസില്‍ പ്രതിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ മുന്‍ റൂറല്‍ എസ്.പി: എ.വി. ജോര്‍ജ് നടത്തിയതു നിര്‍ണായക ഇടപെടലുകള്‍ ആംയിരുന്നു .നിരപരാധിയെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന ആക്ഷേപത്തില്‍നിന്നു സ്വയം രക്ഷപ്പെടുകയും സഹപ്രവര്‍ത്തകരെ രക്ഷപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. ഇതിനുവേണ്ടി കേസുമായി ബന്ധപ്പെട്ട രേഖകള്‍ തിരുത്തി.ഗുരുതരമായ കുറ്റങ്ങൾ ഈ ഉന്നത ഉദ്യോഗസ്ഥൻ ചെയ്തതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു.
വീട് ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന്, വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീജിത്തിനെയും മറ്റും അറസ്റ്റ് ചെയ്തത്. എ.വി. ജോര്‍ജിന്റെ നിര്‍ദേശാനുസരണമായിരുന്നു റൂറല്‍ ടൈഗര്‍ ഫോഴ്സിലെ (ആര്.ടി.എഫ്) പോലീസുകാരുടെ നടപടി. സി.പി.എം. പ്രാദേശിക നേതൃത്വം നല്കിയ പട്ടികയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ചതിനു പിന്നാലെയാണ് ആളു മാറിയില്ലെന്നു വരുത്താന്‍ തിരക്കിട്ട നീക്കങ്ങളുണ്ടായത്. ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന് നല്കിയ മൊഴി പോലീസ് മാറ്റിയെഴുതി. ഉന്നത നിര്‍ദേശപ്രകാരം വരാപ്പുഴയില്‍ വച്ചാണ് വ്യാജ രേഖകള്‍ ഉണ്ടാക്കിയതെന്നും സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇത്തരം നീക്കങ്ങളെന്നും സൂചനയുണ്ട്. കേസ് ബലപ്പെടുത്താനായി സി.പി.എം. ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റേതടക്കം മൊഴികള്‍ കൂട്ടിച്ചേര്‍ത്തു.
വാസുദേവന്റെ വീടാക്രമിച്ചവരില്‍ ശ്രീജിത്ത് ഉണ്ടായിരുന്നെന്നാണു പരമേശ്വരന് മൊഴി നല്‍കിയത്. ഈ മൊഴി ഒരിക്കല്‍ നിഷേധിച്ച പരമേശ്വരന്, പിന്നീട് മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നു നിലപാട് മാറ്റി. സി.പി.എമ്മിന്റെ നിര്‍ബന്ധമാണ് ഇതിനു പിന്നിലെന്ന് അന്നേ ആരോപണമുയര്‍ന്നു. തന്റെ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ കഴിയാതിരുന്നതില്‍ മാത്രമാണു വിഷമമെന്ന് എറണാകുളം റൂറലില്‍നിന്നുള്ള യാത്രയയപ്പ് വേളയില്‍ ജോര്‍ജ് പറയുകയും ചെയ്തു. ജോര്‍ജിന്റെ ഇടപെടലുകള്‍ക്കു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല. വാസുദേവന്റെ മരണത്തിനു പിന്നാലെ സ്ഥലത്തെ യുവ സി.പി.എം. നേതാവ് നാലു തവണ എസ്.പിയുടെ ഫോണിലേക്കു വിളിച്ചിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണം എത്ര നീളുമെന്ന് ഉറപ്പില്ല. കേസില്‍ സി.ബി.ഐ. അന്വേഷണം വന്നാലുള്ള കുടുക്കില്‍നിന്നു രക്ഷപ്പെടുത്താനായാണ് ജോര്‍ജിനെ കേസില്‍ പ്രതിചേര്‍ക്കാന്‍ ആലോചിക്കുന്നത്. പ്രതിയാക്കിയാലും കടുത്ത വകുപ്പുകള്‍ ചുമത്തില്ലെന്നാണു വിവരം.
അതേസമയം വരാപ്പുഴയില്‍ വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നടപടിയെടുക്കാന്‍ കീഴുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് എറണാകുളം മുന്‍ റൂറല്‍ എസ്.പി: എ.വി. ജോര്‍ജ്. തന്റെ അധികാരപരിധിയിലുള്ള സ്ഥലത്തുണ്ടായ അക്രമത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശിക്കുന്ന പതിവ് ആവര്‍ത്തിക്കുകയാണു ചെയ്തത്. മറ്റ് ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന് അദ്ദേഹം മൊഴിനല്‍കി.
ഐ.ജി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ജോര്‍ജിനെ ഇന്നലെ നാലു മണിക്കൂറോളം ചോദ്യംചെയ്തു. കസ്റ്റഡി മരണം നടന്നപ്പോള്‍ എസ്.പിയായിരുന്ന എ.വി. ജോര്‍ജ് കേസില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയതായി ആരോപണമുയര്‍ന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. ശ്രീജിത്ത് മരിച്ച സമയത്തും മറ്റും ജോര്‍ജ് നടത്തിയ ഫോണ്‍വിളികളുടെ രേഖകള്‍ മുന്നില്‍വച്ചാണു ചോദ്യം ചെയ്തത്. സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് ഈ സമയത്ത് നാലു തവണ വിളിച്ചിരുന്നെന്നു സൂചനയുണ്ട്. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.