
കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണം ഉരുട്ടിക്കൊലയാണെന്ന സംശയം ബലപ്പെടുന്നുണ്ട്. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നാം മുറയ്ക്ക് വേണ്ടി ആയുധം ഉപയോഗിച്ചതായിട്ടാണ് പ്രത്യേക അന്വേഷണ സംഘം സംശയിക്കുന്നത്. ശ്രീജിത്തിന്റെ പേശികൾക്ക് അസാധാരണമായ ചതവുണ്ടെന്നും ശരീരത്തിൽ ഉരഞ്ഞ പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആയുധമുപയോഗിച്ചാണു ശ്രീജിത്തിനെ മർദിച്ചതെന്നുള്ള സൂചനയും റിപ്പോർട്ടു പങ്കുവയ്ക്കുന്നു.കക്കയം മോഡൽ കൊലപാതകം
അതേസമയം വാരാപ്പുഴയില്‍ ലോക്കപ്പ് മര്‍ദനത്തില്‍ മരണപ്പെട്ട ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിക്കും. ഈ ആഴ്ച തന്നെ പിണറായി ശ്രീജിത്തിന്റെ വീട്ടിലെത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്കുന്ന വിവരം. ശ്രീജിത്തിന്റെ വീടിന് പുറമെ തൂങ്ങിമരിച്ച വാസുദേവന്റെ വീട്ടിലും അദേഹം സന്ദര്‍ശനം നടത്തും.
കൊല്ലപ്പെട്ട ശ്രീജിത്തിന്റെ രണ്ടു തുടകളിലെ പേശികളിലും ചതവുണ്ടായിരുന്നു. ഇവ രണ്ടും ഒരേപോലുള്ളതാണ്. ലാത്തി പോലെയുള്ള ഉരുണ്ട വസതു ഉപയോഗിച്ച് ഉരുട്ടിയെന്നാണ് സംശയം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇതു പരമാര്ശിക്കുന്നത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മൂന്നാമത്തെ പേജിലെ 17, 18 ഖണ്ഡികകളിലായാണ് ഇതു പറയുന്നത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ദിവസം മുതല്‍ ഒമ്പതാം തീയതി വരെയുള്ള മൂന്നു ദിവസങ്ങളിലാണ് മര്‍ദ്ദനം നടന്നതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനുമാനമുണ്ട്. കേസുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനുള്ള തീരുമാനം ക്രൈംബ്രാഞ്ച് സംഘം എടുത്തിട്ടുണ്ട്. മര്‍ദനത്തെക്കുറിച്ച് കൃത്യമായ നിഗമനങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്.
അതേസമയം, നാട്ടുകാരുമായുള്ള അടിപിടിക്കുശേഷം കസ്റ്റഡിയിലെടുക്കും വരെ മറ്റു സംഘർഷങ്ങളുണ്ടായിരുന്നില്ലെന്നും ഇക്കാരണത്താല്‍ തന്നെ രാത്രി 10.30 വരെ പരുക്കേൽക്കാൻ സാധ്യതയില്ലെന്നുമാണു വിലയിരുത്തൽ. ശ്രീജിത്തിന്റെ ശരീരത്തിലെ മുറിവുകൾ വിലയിരുത്താൻ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാരെ കണ്ടെത്താൻ നുണപരിശോധന നടത്തുന്നതും പരിഗണനയിലുണ്ട്. എസ്പിയുടെ സ്ക്വാഡും ലോക്കൽ പൊലീസും പരസ്പര വിരുദ്ധ മൊഴി നൽകുന്നതിനാൽ മർദിച്ച പൊലീസുകാരെ തിരിച്ചറിയാനായിട്ടില്ല. ഇതാണ് നുണപരിശോധന ആവശ്യത്തിനു പിന്നിൽ. പൊലീസുകാരുടെ മൊബൈല്‍ കോൾ ലിസ്റ്റും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
അതിനിടെ, ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റവാളികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ കുടുംബം രംഗത്തെത്തി. കുറ്റവാളികളെ പിടികൂടുന്നില്ലെങ്കില്‍ സിബിഐ അന്വേഷണം അടക്കമുള്ളവ ആവശ്യപ്പെടുമെന്ന് അമ്മ ശ്യാമള മനോരമ ന്യൂസിനോടു പറഞ്ഞു. നിരപരാധിയെയാണു പൊലീസ് പിടികൂടി കൊന്നുകളഞ്ഞതെന്നു ശ്രീജിത്തിന്റെ ഭാര്യ അഖിലയും പറഞ്ഞു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ശ്രീജിത്തിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഇതിനുളള നടപടികള്‍ തുടങ്ങുമെന്നും അഖില വ്യക്തമാക്കി