കോട്ടയം: തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ശ്രീക്കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍. മരണത്തിനു കാരണം നഴ്‌സിംഗ് സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനമാണെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
തലയോലപ്പറമ്പ് ഗവ. ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിങ് സ്‌കൂളിലെ രണ്ടാം വർഷ എ.എൻ.എം. വിദ്യാർത്ഥിനിയാണ്. ചൊവ്വാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. രാവിലെ കുളിമുറിയിൽ കയറിയ ശ്രീക്കുട്ടി ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. മറ്റു കുട്ടികൾ വാതിൽ തുറന്നപ്പോൾ ഷവർപൈപ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സഹപാഠികളും സ്‌കൂൾ ജീവനക്കാരിയും ചേർന്ന് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശ്രീക്കുട്ടിയുടെ മരണത്തിനു കാരണം നഴ്സിങ് സ്‌കൂൾ അധികൃതരുടെ മാനസികപീഡനമാണെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഹോസ്റ്റൽ മെസിൽ ഭക്ഷണം മോശമാണെന്നാരോപിച്ച് മൂന്നു മാസം മുമ്പ് ചില കുട്ടികൾ ഭക്ഷണത്തിൽ വിം കലർത്തി അദ്ധ്യാപകർക്ക് നൽകി. ഇതുസംബന്ധിച്ച് അധികൃതർ അന്വേഷണം നടത്തിയിരുന്നു. ഏഴു കുട്ടികളാണ് സംഭവത്തിൽ ഉൾപ്പെട്ടിരുന്നത്. അധികൃതർക്ക് വിവരം നൽകിയത് ശ്രീക്കുട്ടിയാണെന്ന പ്രചരണം ശക്തമായി. ഇതിൽ ചില കുട്ടികൾ കോളേജ് അധികൃതർക്ക് വേണ്ടപ്പെട്ടവരായിരുന്നു.
സംഭവത്തെ തുടർന്ന് അധികൃതരുടെ ഭാഗത്തുനിന്ന് മാനസികപീഡനമുണ്ടായതായും ബന്ധുക്കൾ പറഞ്ഞു. ഭക്ഷണത്തിൽ വിം കലർത്തിയ സംഭവം പി.ടി.എ. യോഗം ചേർന്ന് പ്രശ്നം പരിഹരിച്ചതായും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു. ഈ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് തലയോലപ്പറമ്പ് എസ്.ഐ. വി എസ്.സുധീഷ്‌കുമാർ അറിയിച്ചു. ഗോകുൽ, ഗോപു എന്നിവരാണ് ശ്രീക്കുട്ടിയുടെ സഹോദരങ്ങൾ. ശവസംസ്‌കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പിൽ.