തൃശൂർ: ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ തീവ്രവാദികളുമായുള്ള ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കർ നടത്തിയ വെളിപ്പെടുത്തലുകളിൽ തമിഴ്നാട്ടിലും എന്‍ഐഎ റെയ്ഡ് തുടരുന്നു.റിയാസിന്റെ വെളിപ്പെടുത്തലുകളിൽ ഞെട്ടിത്തരിച്ച് കൊടുങ്ങല്ലൂരുകാർ. ചില ദേശീയ മാധ്യമങ്ങളാണ് റിയാസ് അബൂബക്കർ കേരളത്തിൽ സ്വയം പൊട്ടിത്തെറിക്കാൻ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയത്.കൊടുങ്ങല്ലൂരിലെ ഒരു പള്ളിയിൽ സ്ഫോടനം നടത്താൻ റിയാസ് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയോട് വെളിപ്പെടുത്തിയിരുന്നതായി പറയുന്നു. ഈ പള്ളി കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ആണെന്നാണ് കരുതുന്നത്.
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാ മസ്ജിദ് രാജ്യത്തിന്റെ മതസൗഹാർദ്ദ ചിന്തയുടെ ആദ്യത്തെ അടയാളമാണ്. ഇസ്ലാമിന്റെ സന്ദേശവുമായി അറബിക്കടൽ കടന്നെത്തിയ പ്രവാചക ശിഷ്യൻ മാലിക് ദിനാറിനെയും സംഘത്തെയും സ്വീകരിച്ച് ആരാധനാലയം സ്ഥാപിക്കാൻ ഇടം നൽകിയത് അന്നത്തെ രാജാവായിരുന്ന ചേരമാൻ പെരുമാളാണ്.
കേരളീയ വസ്തുശിൽപകലാ രീതിയിൽ നിർമിച്ചിട്ടുള്ള പള്ളിയിൽ വൈദ്യുതി വിളക്കെത്തും മുന്‍പേ വെളിച്ചത്തിനായി ഒരു വിളക്ക് സ്ഥാപിച്ചിരുന്നു. പതിറ്റാണ്ടുകളായി ഉപയോഗിക്കാത്ത വിളക്ക് പള്ളിയുടെ പൗരാണികതയും ചരിത്ര പ്രാധാന്യവും കണക്കിലെടുത്ത് ഇന്നും കാത്തുസൂക്ഷിച്ചു പോരുന്നുണ്ട്. ഈ വിളക്കിനെ ചൊല്ലിയാണ് ചേരമാൻ പള്ളി ഭീകരരുടെ പട്ടികയിൽ ഇടം പിടിച്ചതെന്നാണ് സൂചന.
ശ്രീലങ്കൻ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ ഉൾപ്പെടെ തീരദേശമേഖലകളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. ഹോംസ്റ്റേകളിലും ആശുപത്രികളിലും പോലീസ് നിരീക്ഷണം ശക്തമാക്കി. ശ്രീലങ്കൻ സ്ഫോടനം നടത്തിയ ഐ.എസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായ കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നീരീക്ഷണം ശക്തമാക്കിയത്.
കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദടക്കം പ്രമുഖ ആരാധനാലയങ്ങളും ഉള്ളതിനാൽ പോലീസ് നിരീക്ഷണം ശക്തമാക്കി. മീൻപിടിത്തവുമായി ബന്ധപ്പെട്ട് അഴിക്കോട് കേന്ദ്രീകരിച്ച് നൂറ് കണക്കിന് മറുനാടൻ മൽസ്യതൊഴിലാളികൾ തമാസിക്കുന്നതിനാൽ ഈ മേഖലയിലും പ്രത്യേക നിരീക്ഷണമാണ് നടത്തുന്നത്. ഇതിന് പുറമേ തീരദേശമേഖല കേന്ദ്രീകരിച്ച് ലഹരികടത്തും വ്യാപകമായി നടക്കുന്നുവെന്ന വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് എക്സൈസും പ്രത്യക നിരീക്ഷണം നടത്തുന്നുണ്ട്.
കൊളംബോയിലുണ്ടായ ഇരട്ടസ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. കുംഭകോണം, രാമനാഥപുരം, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളില്‍ മണിക്കൂറുകളോളം പരിശോധന നീണ്ടു.
അതേസമയം, ശ്രീലങ്കയില്‍ നടന്നതുപോലുള്ള ചാവേര്‍ ആക്രമണങ്ങള്‍ കേരളത്തില്‍ നടത്താന്‍ കഴിഞ്ഞ ദിവസം പിടിയിലായ റിയാസ് അബൂബക്കര്‍ അടങ്ങിയ സംഘം പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തൃശൂര്‍ പൂരം, കൊച്ചിയിലെ പുതുവത്സരാഘോഷങ്ങള്‍, ആയിരങ്ങള്‍ പങ്കെടുക്കുന്ന മത ചടങ്ങുകള്‍ എന്നിവയായിലേതിലെങ്കിലും ചാവേറായി പൊട്ടിത്തെറിക്കാന്‍ പദ്ധതിയിടുകയും, സമാന തീവ്ര സ്വഭാവമുള്ളവരെ ഒപ്പം കൂട്ടാനും ഇയാള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.
അനുകൂല സാഹചര്യങ്ങള്‍ ഒത്തുവരാത്തതിനാല്‍ ചാവേര്‍ സ്ഫോടന പദ്ധതി നീട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നും എന്‍ഐഎ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ റിയാസ് വെളിപ്പെടുത്തിയതായാണ് സൂചന.