അതിരപ്പിള്ളി: കാടുവെട്ടി, പണം മുടക്കി അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നു പറയുന്നവർ മണ്ടൻമാരാണെന്നു നടൻ ശ്രീനിവാസൻ പറഞ്ഞു.കാശു മുടക്കാതെ സൂര്യൻ നൽകുന്ന ഊർജം വേണ്ടെന്ന മണ്ടത്തരം പറയുന്നവരാണിവർ. ആദിവാസി സമൂഹത്തിന്റെയും ജൈവ വൈവിധ്യങ്ങളുടെയും ആവാസ മേഖലയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ജലവൈദ്യുത പദ്ധതിക്കെതിരെ ഡിസിസിയുടെ നേതൃത്വത്തിൽ പുകലപ്പാറ പുഴയോരത്തു സംഘടിപ്പിച്ച ആദിവാസി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതി വിജയകരമാകില്ലെന്ന് എത്രയോ പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതൊന്നും പഠിക്കാതെ മഴയ്ക്കു കാടുവേണ്ടെന്നു പറയുന്നവരും മണ്ടൻമാരാണ്. എല്ലാ വലിയ പദ്ധതികളും ഇടനിലക്കാർക്കു പണം തട്ടാൻ വേണ്ടിയുള്ളതാണ്.അതിനുള്ള ശ്രമമാണു അതിരപ്പിള്ളിയിലും നടക്കുന്നത്. സോളർ പദ്ധതി നഷ്ടമാണെന്നു പറയുന്നവരുണ്ട്. അതിരപ്പിള്ളി പദ്ധതിക്കു ചെലവാക്കുന്ന പണംകൊണ്ടു വീടുകളിൽ സോളർ വച്ചുകൊടുക്കുകയാണു വേണ്ടത്. സൂര്യ വെളിച്ചത്തിന് ആർക്കും കാശുകൊടുക്കേണ്ടെന്ന കാര്യം മറക്കരുതെന്നും ശ്രീനിവാസൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി- പുഴ സംരക്ഷണ സമിതി പ്രവർത്തകരായ എസ്.പി. രവി, വിനീത ചോലയാർ, കെ.പി. വിശ്വനാഥൻ, കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ, അനിൽ അക്കര എംഎൽഎ,ഡിസിസി ഭാരവാഹികളായ ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്, ജോസ് വള്ളൂർ, രവി ജോസ് താണിക്കൽ, യുഡിഎഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി, ബ്ലോക്ക് പ്രസിഡന്റ് ബിജു കാവുങ്കൽ, മണ്ഡലം പ്രസിഡന്റ് ജോസ് പാറയ്ക്ക, ഊരുമൂപ്പത്തി ഗീത തുടങ്ങിയവർ പ്രസംഗിച്ചു.