കൊച്ചി :കോഴക്കേസിൽ ജയിലായ ശ്രീശാന്ത് ആദ്മഹത്യക്ക് ശ്രമിച്ചിരുന്നു ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ മൂകാംബികദേവിയുടെ മുന്നില്‍ പൂജിച്ച് കൈയില്‍ കെട്ടിയ ചരട് മരിച്ച ശേഷമേ അഴിക്കൂവെന്ന് ഞാന്‍ മനസില്‍ ഉറപ്പിച്ചിരുന്നു. അത് ബലം പ്രയോഗിച്ചാണ് അവര്‍ മുറിച്ചെടുത്തത്. അപ്പോള്‍ ഞാനനുഭവിച്ച വേദന പറഞ്ഞറിയിക്കാനാവില്ല. പിന്നെ ഞാന്‍ ചെന്നു വീണത് തിഹാര്‍ എന്ന നരകത്തിലേക്കാണ്. അവിടെ എനിക്ക് ജീവന്‍ രക്ഷിക്കാന്‍ പോരടിക്കേണ്ടി വന്നു, ജീവിതത്തില്‍ അതുവരെ കേള്‍ക്കാതിരുന്ന തെറി വാക്കുകള്‍ എനിക്കു ചുറ്റും മൂളിപ്പറന്നു. രാകിമിനുക്കി മൂര്‍ച്ച കൂട്ടിയ ഇരുമ്പു കമ്പിയുമായി എന്റെ ജീവനെടുക്കാന്‍ സദാസമയവും പിന്നിലാളുകളുണ്ടായിരുന്നു. അവരെന്നെ കൊല്ലുന്നതിനു മുമ്പ് ആത്മഹത്യ ചെയ്താലോയെന്ന് ചിന്തിച്ചു പോയി.
ജയില്‍ മുറിക്കകത്ത് വിരിച്ച കമ്പിളിയില്‍, ബാത്‌റൂമില്‍ നിന്നുള്ള അസഹ്യമായ മണവും സഹിച്ച് ഉറങ്ങാനാവാതെ കിടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് അതു തന്നെയാണ്. ചെയ്യാത്ത കുറ്റത്തിന് ലോകത്തിന്റെ മുഴുവന്‍ പഴിയും കേട്ട ഇങ്ങനെ നാണംകെട്ട് ജീവിക്കുന്നതെന്തിന്’ പ്രമുഖ സിനിമാ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ മലയാളത്തിന്റെ പ്രിയ ശ്രീയുടെ കണ്ണു നിറഞ്ഞിരുന്നു. ആ കണ്ണുനീര്‍ മറയ്ക്കാന്‍ ശ്രീശാന്ത് തന്റെ റെയ്ബാന്‍ ഗ്ലാസ് എടുത്തു മുഖത്ത് വച്ച് ഒരു ചോദ്യം സ്‌റ്റൈല്‍ അല്ലേ ചേട്ടാ’.
ഒടുവില്‍ വിജയം ശ്രീയ്ക്കു തന്നയായിരുന്നു. സുപ്രിംകോടതിയെപ്പോലും വെല്ലുവിളിച്ച് ബിബിസിഐ നടത്തിയ പ്രതികാര നടപടിയ്ക്ക് ഹൈക്കോടതി മറുപടി നല്‍കിയതോടെ ശ്രീയ്ക്ക് ഇനി കളിക്കളത്തിലേക്ക് മടങ്ങാം. ഇന്ത്യ കണ്ട ഏറ്റവും മികച്ച സീം ബൗളര്‍മാരിലൊരാളായ ശ്രീ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുന്നത് കാത്തിരിക്കുകയാണ് ഓരോ ആരാധകനും.’ ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ശ്രീയുടെ ജീവിതത്തില്‍ സംഭവിച്ചത്.
ഇന്ത്യയ്ക്കു വേണ്ടി രണ്ടു ക്രിക്കറ്റ് ലോകകപ്പ് ജയിച്ച ക്രിക്കറ്റര്‍ എന്ന പ്രശസ്തിയില്‍ നിന്നും തിഹാര്‍ ജയിലിന്റെ ഇരുളറയിലേക്ക് പതിക്കുമ്പോള്‍ സ്വര്‍ഗത്തില്‍ നിന്നും നരകത്തിലേക്ക് വീണ അവസ്ഥയിലായിരുന്നു ശ്രീശാന്ത്. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ പോയ ശ്രീ, തന്നെ താനാക്കിയ ക്രിക്കറ്റിനെ വഞ്ചിച്ചിട്ടില്ല എന്ന് അന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ശ്രീശാന്തിനെ മനപൂര്‍വം കുടു്ക്കാനായി ചിലര്‍ മെനഞ്ഞ തന്ത്രങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചു. പരിക്കുമൂലം കുറേക്കാലം ടീമില്‍ നിന്നു വിട്ടു നിന്നതിനു ശേഷമാണ് ശ്രീ 2013ലെ ഐപിഎല്ലില്‍ കളിക്കാനെത്തിയത്. കഠിനമായ പരിശീലനത്തിനു ശേഷമായിരുന്നു ആ വരവ്.അപ്പോഴായിരുന്നു അപ്രതീക്ഷിത അറസ്റ്റ്.’ ആരാണ് അറസ്റ്റിനു പിന്നില്‍ എന്നൊന്നും ഇപ്പോഴും എനിക്കറിയില്ല. ഒന്നറിയാം അവിടെ വെച്ച് എന്റെ ജീവിതം പിച്ചിചീന്തി എറിയപ്പെട്ടു’ ശ്രീ പറയുന്നു.
അറസ്റ്റിലായ ആ ദിവസം ശ്രീ ഓര്‍മിക്കുന്നതിങ്ങനെ;
രാജസ്ഥാന്‍ റോയല്‍സ് ബുക്ക് ചെയ്ത ടിക്കറ്റിലാണ് മുംബൈയിലേക്ക് വന്നത്. എന്നാല്‍ മൂന്നു നാലു മത്സരങ്ങളില്‍ ടീം എനിക്ക്് വിശ്രമം തന്നതിനാല്‍ സുഹൃത്ത് രാജീവ് പിള്ളയുടെ ഒപ്പമാണ് തങ്ങിയിരുന്നത്. ഞാനും രാജീവും കൂടി ഒരു ഹിന്ദി സിനിമാ പ്രൊജക്ടിനെപ്പറ്റി സംസാരിക്കാന്‍ പോയി തിരികെ വരുമ്പോള്‍ നടുറോഡില്‍ ഞങ്ങളുടെ വണ്ടി തടഞ്ഞായിരുന്നു അറസ്റ്റ്. നമ്മളെ കിഡ്‌നാപ്പ് ചെയ്തു കൊണ്ടു പോവും പോലെയുള്ള അനുഭവം. ആ സമയത്ത് ഞാന്‍ മദ്യ ലഹരിയിലായിരുന്നെന്നും കേരളാ മുഖ്യമന്ത്രിയെ വിളിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും വാര്‍ത്തകള്‍ വന്നു. അതെല്ലാം പച്ചക്കള്ളമായിരുന്നു. അറസ്റ്റ് വാറന്റുണ്ടോയെന്ന് അവരോടു ചോദിക്കുക മാത്രമാണ് ഞാന്‍ അന്നു ചെയ്തത്. പിന്നെ എന്നെ കൊണ്ടു പോയത് മറൈന്‍ ഡ്രൈവിലേക്കാണ്. പിറ്റേ ദിവസം രാവിലെ ഏഴുമണി വരെ ഒരു വണ്ടിയില്‍ ഇരുത്തി. മൊബൈല്‍ ഫോണുകള്‍ വാങ്ങിവച്ചിരുന്നതിനാല്‍ ആരെയും വിളിക്കാന്‍ കഴിഞ്ഞില്ല. പിന്നെ എയര്‍പോര്‍ട്ടിലേക്ക് അവിടെ നിന്നും ഡല്‍ഹിയിലേക്ക്. കൊടും തീവ്രവാദികളെ കൊണ്ടു പോകുന്നതു പോലെയാണ് അവര്‍ എന്നെ ചോദ്യം ചെയ്യാനായി കൊണ്ടു പോയത്. കൈയ്യില്‍ കെട്ടിയിരുന്ന പൂജിച്ച ചരടുകള്‍ മുറിച്ചെടുത്ത് കവറിലാക്കി സീല്‍ ചെയ്തു. പിന്നെ ദിവസങ്ങളോളം ചോദ്യം ചെയ്യലായിരുന്നു.
എനിക്കറിയാത്ത കാര്യങ്ങളെക്കുറിച്ചായിരുന്നു ചോദ്യം. അവര്‍ പറയുന്ന കാര്യങ്ങള്‍ എന്നെക്കൊണ്ടു സമ്മതിപ്പിക്കാനായിരുന്നു പിന്നത്തെ ശ്രമം. പിന്നെ ഭീഷണിയായിരുന്നു. അമ്മയെ അറസ്റ്റു ചെയ്യും, അച്ഛനെ അറസ്റ്റു ചെയ്യും, ചേച്ചിയെ പിടിച്ചു കൊണ്ടു വരും. ഇങ്ങനെയായിരുന്നു ഭീഷണി. പിന്നെ നടന്ന പല കാര്യങ്ങളും ഓര്‍ക്കാന്‍ കൂടി കഴിയുന്നതല്ല. അവരെഴുതിയ കുറ്റപത്രത്തില്‍ ഒപ്പിടാനായിരുന്നു ഈ ഭീഷണിയെല്ലാം. ജീവനോടെ പുറത്തു പോവണമെങ്കില്‍ ഒപ്പിടണമെന്നു മനസിലായി. ഒപ്പിട്ടതിനു ശേഷം വലിയ ഉപദ്രവമുണ്ടായില്ല. ചിലര്‍ മാപ്പു പറഞ്ഞു. ചില പോലീസുകാര്‍ പറഞ്ഞു ശ്രീശാന്തിനെ തിഹാറിലേക്കു കൊണ്ടു പോകാതിരിക്കാന്‍ പ്രാര്‍ഥിക്കാമെന്ന്.
എന്നിട്ടും എത്തിപ്പെട്ടത് തിഹാറില്‍, ഭൂമിയില്‍ ഒരു നരകമുണ്ടെങ്കില്‍ അതാണ് തിഹാര്‍, കൊലപാതകികള്‍, ബലാല്‍സംഗക്കാര്‍, അങ്ങനെ എല്ലാത്തരം ക്രിമിനലുകളും ഉള്ളയിടം. ഉപദ്രവം പലവിധമായിരുന്നു. ചിലര്‍ ബ്ലേഡ് വച്ച് മാന്താന്‍ ശ്രമിച്ചു, രാകി മൂര്‍ച്ച വരുത്തിയ ലോഹക്കഷണം വച്ച് കുത്താനും ശ്രമമുണ്ടായി. ഒഴിഞ്ഞു മാറിയതു കൊണ്ട് രക്ഷപ്പെട്ടു. പിന്നെ മനസിലായി തിഹാറിലെ നിയമങ്ങള്‍ അങ്ങനെയാണെന്ന്. ആ അവസരത്തില്‍ ഹരിയാനയിലെ മുന്‍ മന്ത്രി ഗോപാല്‍ കാന്തയാണ് എന്റെ രക്ഷയ്‌ക്കെത്തിയത്. ഇദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം ഒരു റൂമിലേക്ക് മാറ്റുകയായിരുന്നു. അതിനു മുമ്പ് കഴിഞ്ഞിരുന്ന 200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഡോര്‍മെറ്ററിയില്‍ 300 പേര്‍ക്കൊപ്പമായിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ ചിന്തിച്ചത് ആത്മഹത്യയെക്കുറിച്ചായിരുന്നു.
ദീപു ചേട്ടന്‍ തിഹാറിലെത്തി എന്ന കണ്ടപ്പോള്‍ പറഞ്ഞു നയന്‍ വിവാഹത്തില്‍ നിന്നു പിന്മാറിയിട്ടില്ലെന്ന്്. ഈ വിഷമഘട്ടത്തില്‍ നയന്റെയും കുടുബത്തിന്റെയും പിന്തുണ എന്നെയേറെ തുണച്ചു. രണ്ടാഴ്ചയ്ക്കു ശേഷം ജാമ്യം കിട്ടു. ഡല്‍ഹിയിലെത്തിയ ജയരാജന്‍ സാറും മേജര്‍ രവിയുമെല്ലാം എന്നെ ജാമ്യത്തിലിറക്കുന്നതിനായി യത്‌നിച്ചവരാണ്. തിരികെ കൊച്ചിയിലെത്തിയപ്പോള്‍ എല്ലാവരും വളരെ സ്‌നേഹത്തോടെയാണ് പ്രതികരിച്ചത്. ഒരാള്‍ പോലും കൂവുകയോ മോശമായി പെരുമാറുകയോ ചെയ്തില്ല. വീട്ടുകാരും സമ്പൂര്‍ണമായ പിന്തുണ നല്‍കി. പിന്നെ സിനിമകളില്‍ അഭിനയിക്കാനുള്ള ഊര്‍ജം പകര്‍ന്നു തന്നതും അവരാണ്. നയനും രണ്ടു കുട്ടികള്‍ക്കുമൊപ്പം സന്തുഷ്ടജീവിതം നയിക്കുന്ന ശ്രീ ആ നീലക്കുപ്പായം അണിയുന്ന കാലം വിദൂരമല്ലെന്നു തന്നെയാണ് ഓരോ കളിയാരാധകന്റെയും പ്രതീക്ഷ.