ഇന്നലെ നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ വഴിയരികില്‍ കണ്ടെത്തി. കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കിട്ടിയത്. മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ കെട്ടുകള്‍ സ്‌കൂളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കുറ്റിവയലിലാണ് പ്രദേശവാസിക്കു ലഭിച്ചത്. തിരുവനന്തപുരത്തേക്ക് അയയ്ക്കാനായി സുരക്ഷയൊന്നുമില്ലാതെ ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന കെട്ടുകളാണ് വീണുപോയത്. വൈകീട്ട് ആറുമണിയോടെയാണ് ഇവ കിട്ടിയത്. 55 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പരീക്ഷയെഴുതുന്നത്. 3.30ന് അവസാനിച്ച പരീക്ഷയിലെ 3 വിഷയങ്ങളുടെയും ഉത്തരക്കടലാസുകള്‍ വെവ്വേറെ കെട്ടുകളാക്കി ഹെഡ് പോസ്റ്റ് ഓഫിസില്‍ നിന്നു തിരുവനന്തപുരത്തേക്ക് അയയ്ക്കാനായി സ്‌കൂള്‍ ഓഫിസ് അസിസ്റ്റന്റ് വശം കൊടുത്തയച്ചതാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ബൈക്കില്‍ പോകവെ തലകറങ്ങി വീണെന്നാണ് ഓഫിസ് അസിസ്റ്റന്റ് പറയുന്നത്. എന്നാല്‍ പ്ലാസ്റ്റിക് കവറില്‍ കൊണ്ടുപോവുകയായിരുന്നു കെട്ടുകള്‍ ബൈക്കില്‍ നിന്നു തെറിച്ചു പോവുകയായിരുന്നെന്നും അല്‍പദൂരം പോയ ശേഷമാണ് ഇയാള്‍ കാര്യമറിഞ്ഞതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
തിരിച്ചുവന്നപ്പോഴേക്ക് നാട്ടുകാരിലൊരാള്‍ കെട്ടുകള്‍ കണ്ടെത്തി സ്‌കൂളില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെത്തി കെട്ടുകള്‍ കൊണ്ടുപോയി. കോഴിക്കോട് ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ ഇ.കെ.സുരേഷ് കുമാര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പത്മജ എന്നിവരടക്കം നാട്ടുകാരും രക്ഷിതാക്കളും സ്‌കൂളിലെത്തി. ഓഫിസ് അസിസ്റ്റന്റ് സിബിയെ പരീക്ഷാ ജോലികളില്‍ നിന്നു മാറ്റിനിര്‍ത്തിയതായി ഡിഡിഇ അറിയിച്ചു. പൊലീസ് കാവലില്‍ സ്‌കൂളില്‍ സൂക്ഷിച്ച ഉത്തരക്കടലാസുകള്‍ ഇന്നു കാലത്ത് അയയ്ക്കും.