തിരുവനന്തപുരം: കെഎസ്ആർടിസി എംഡിയായി ചുമതലയേറ്റ ശേഷം കോർപ്പറേഷനെ ഉന്നതിയിലെത്തിക്കുന്നതിന് എല്ലാം ചെയ്യുമെന്നും ജീവനക്കാർക്കൊപ്പമുണ്ട് താനെന്നും പലകുറി പ്രഖ്യാപിച്ചിട്ടുണ്ട് തച്ചങ്കരി. ഇപ്പോഴിതാ അതിന് തെളിവായി മറ്റൊരു പ്രഖ്യാപനം കൂടി.
ജീവനക്കാരുടെ മക്കളിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്‌ളസ് നേടിയവർക്ക് പുരസ്‌കാരം നൽകുമെന്ന് തച്ചങ്കരി പ്രഖ്യാപിച്ചു. ഇന്ന് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. മൂന്നു ദിവസത്തിനകം എല്ലാ യൂണിറ്റ് ഓഫീസർമാരും ഇത്തരത്തിൽ വിജയികളായ കുട്ടികളുടെ വിവരങ്ങൾ നൽകണമെന്ന് അറിയിച്ചിരിക്കുകയാണ് പുതിയ സിഎംഡി.
അധികാരമേറ്റതിന് പിന്നാലെ പലതവണയും ജീവനക്കാരുടെ ക്ഷേമത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് തച്ചങ്കരി വ്യക്തമാക്കിയിരുന്നു. ഇത് വീണ്ടും തെളിയുക്കുകയാണ് പുതിയ എംഡി. കോർപ്പറേഷനിലെ പതിവുകളെല്ലാം മാറ്റി കഴിഞ്ഞ ദിവസം മാസാവസാനത്തിന് മുമ്പുതന്നെ ജീവനക്കാർക്ക് ശമ്പളം എത്തിച്ചാണ് തച്ചങ്കരി ഞെട്ടിച്ചത്.
ഏപ്രിൽ മുപ്പതിന് തന്നെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളിലെത്തി. മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത തരത്തിൽ ആയിരുന്നു ഈ ഇടപെടൽ. അതിന് പിന്നാലെയാണ് കണ്ടക്ടർമാരുടെ വിഷമങ്ങൾ നേരിട്ടറിയാൻ സ്വയം കണ്ടക്ടറാകാൻ തച്ചങ്കരി തീരുമാനിച്ചത്.
നേരത്തെ തന്നെ ജീവനക്കാരോട് ഈ മാസം 30ന് തന്നെ ശമ്പളം നൽകുമെന്ന് തച്ചങ്കരി വാക്ക് നൽകിയിരുന്നു. തച്ചങ്കരിയുടെ ഈ പ്രഖ്യാപനമാണ് ഏപ്രിൽ 30ന് തന്നെ പെൻഷൻ തുകയും കൃത്യസമയത്തു നൽകാൻ നടപടിയെടുക്കുകയും ചെയ്തതോടെ ജീവനക്കാരെല്ലാം വലിയ സന്തോഷത്തിലായി.
ഏറെക്കാലമായി ഓരോ മാസവും ശമ്പളവും പെൻഷനും കിട്ടുമോ എന്നുപോലും ഉറപ്പില്ലാത്ത നിലയിൽ കാര്യങ്ങൾ പോകുന്നതിനിടെയാണ് തച്ചങ്കരി എത്തുന്നതും ഇത്തരമൊരു മാറ്റം നടത്തുന്നതും. ശമ്പളവും പെൻഷനും വൈകുന്നതു പതിവായിരിക്കെയാണു ജീവനക്കാർ് അപ്രതീക്ഷിതമായി കൃത്യസമയത്തു ശമ്പളം ലഭിച്ചതിന്റെ സന്തോഷത്തിലാണ്.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ജീവനക്കാരുടെ മക്കളിൽ മികച്ച വിജയംകൊയ്തവർക്ക് പുരസ്‌കാരവും സിഎംഡി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയായിരുന്നു കെഎസ്ആർടിസിയെ അടിമുടി പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി കണ്ടക്ടറായി ടിക്കറ്റ് വിൽക്കാനുള്ള തീരുമാനം. ജീവനക്കാരിൽ ഒരാളാണ് താനുമെന്ന സന്ദേശം നൽകാനായായിരുന്നു ഇത്. ഇതിനായി തിങ്കളാഴ്ചയാണ് കെ.എസ്.ആർ.ടി.സി. എം.ഡി. ടോമിൻ തച്ചങ്കരി തിരുവനന്തപുരം ആർ.ടി. ഓഫീസിൽനിന്ന് കണ്ടക്ടർ ലൈസൻസ് എടുത്തത്. ഇതിന് പിന്നാലെ ലോക തൊഴിലാളിദിനമായ മെയ് ഒന്നിന് തച്ചങ്കരി കെ.എസ്.ആർ.ടി.സി. ബസിൽ കണ്ടക്ടറുടെ ജോലിയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരത്തുനിന്ന് ഗുരുവായൂർക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചറിൽ ഡി.ജി.പി. പദവിയിലുള്ള തച്ചങ്കരി കണ്ടക്ടറായി എത്തിയത് യാത്രികർക്കും കൗതുകമായി മാറിയിരുന്നു. കൊട്ടാരക്കര സ്റ്റാൻഡിൽ ഭക്ഷണത്തിനുനിർത്തുമ്പോൾ ഡ്രൈവർക്കൊപ്പം പോയി ഭക്ഷണം കഴിച്ചും തിരുവല്ലയിൽ ഡ്യൂട്ടി അവസാനിപ്പിച്ച് ഗാരേജിൽ തൊഴിലാളികളുമായി സംവദിച്ചുമെല്ലാം ആയിരുന്നു യാത്ര. ഡ്രൈവർ ലൈസൻസ് എടുക്കുമെന്നും ഡ്രൈവറായും ഇനിയെത്തുമെന്നും തച്ചങ്കരി വ്യക്തമാക്കിയിരുന്നു.
ഇത്തരത്തിൽ പുതുരീതിയിൽ ജീവനക്കാരുടെ ഒപ്പമാണ് താനെന്ന് വ്യക്തമാക്കിയുള്ള നീക്കങ്ങൾ പുത്തൻ ഉണർവും സൃഷ്ടിച്ചിട്ടുണ്ട്. തച്ചങ്കരി സ്ഥാനമേറ്റതിന് പിന്നാലെ പടിപടിയായി കെഎസ്ആർടിസിയിലെ കളക്ഷനിൽ വർധനവ് ഉണ്ടായത് ജീവനക്കാരിൽ ഉണർവ് ഉണ്ടായിയെന്നതിന്റെ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്. ജീവനക്കാരുടെ കുടുംബത്തന്റെ ക്ഷേമകാര്യങ്ങളിലും കോർപ്പറേഷൻ ഒപ്പമുണ്ടാകുമെന്ന സന്ദേശമായാണ് ഇപ്പോൾ ജീവനക്കാരുടെ മക്കളിൽ മിടുക്കരയാവർക്ക് പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുള്ളത്.