പാലക്കാട്: വെല്ലുവിളികളും ദൃഢപ്രതിജ്ഞകളും രാഷ്ട്രീയത്തില്‍ പുത്തരിയല്ല. പന്ന്യന്‍ രവീന്ദ്രന്റെ വളര്‍ന്ന തലമുടിയ്ക്ക് പിന്നില്‍ പോലീസിനോടുള്ള ഒരു വെല്ലുവിളിയുടെ കഥ എവര്‍ക്കും അറിയാവുന്നതാണ്. അത്തരത്തില്‍ ഒരു വെല്ലുവിളിയുടെ കഥയാണ് പാലക്കാട് എംപി ആയ വി.കെ. ശ്രീകണ്ഠന്റെ താടിയ്ക്ക് പിന്നിലുള്ളത്.
വിദ്യാര്‍ഥിയായിരിക്കെ എസ്.എഫ്.ഐക്കാരുടെ ആക്രമത്തില്‍ കവിളില്‍ ആഴത്തില്‍ മുറിവേറ്റപ്പോഴായിരുന്നു പ്രതിജ്ഞ. കോണ്‍ഗ്രസിനെ മുട്ടുകുത്തിക്കാതെ ഇനി താടി വടിക്കില്ല. പാലക്കാട് മണ്ഡലത്തില്‍ സിറ്റിങ് എം.പി: എം.ബി. രാജേഷിനെ തറപറ്റിച്ചുള്ള ലോക്സഭാ പ്രവേശനവും ഡി.സി.സി. പ്രസിഡന്റെന്ന നിലയില്‍ ആലത്തൂരിലെ വിജയവും പകര്‍ന്ന ആത്മവിശ്വാസത്തിന്റെ നിറവില്‍ ഇപ്പോള്‍ താടി വടിച്ചു.
ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ എസ്.എന്‍. കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്താണ് കെ.എസ്.യു നേതാവായ ശ്രീകണ്ഠന്‍ എസ്.എഫ്.ഐയുടെ ആക്രമണത്തിനിരയായത്. കവിളില്‍ സോഡാക്കുപ്പി കുത്തിക്കയറി ആഴത്തില്‍ പരുക്കേറ്റു. സ്റ്റിച്ചിട്ട കവിളില്‍ ഷേവ് ചെയ്യുന്നതു പ്രശ്നമായതിനാല്‍ ഷേവിങ് ഒഴിവാക്കി. താടി വളര്‍ന്ന് കവിളിലെ മുറിപ്പാട് മറയുകയും ചെയ്തു. ഇടതുപക്ഷത്തെ പരാജയപ്പെടുത്തിയതിന് ശേഷമേ ഇനി താടിയെടുക്കു എന്ന് അന്ന് ശ്രീകണ്ഠന്‍ ശപഥമെടുത്തു.
മുഖ്യധാരാ രാഷ്ട്രീയത്തിലെത്തിയ ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയം അകന്നുനിന്നു. പിന്നീട് മൂന്ന് തവണ ഷൊര്‍ണൂര്‍ നഗരസഭ കൗണ്‍സിലറായെങ്കിലും ശപഥം നിറവേറ്റാന്‍ തക്ക പരാജയം സി.പി.എമ്മിന് ഉണ്ടായില്ല. പക്ഷേ, ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കഥമാറി. ഇരുപതില്‍ 19 സീറ്റും യു.ഡി.എഫ് വിജയിച്ചു. കോണ്‍ഗ്രസിന് ഒട്ടും പ്രതീക്ഷയില്ലായിരുന്ന പാലക്കാട് സീറ്റ് സ്വയം പിടിച്ചെടുക്കാനും കഴിഞ്ഞതോടെ പ്രതിജ്ഞ നിറവേറ്റാന്‍ തീരുമാനിച്ചു.
വൈകിട്ട് നാലരയോടെ സിവില്‍ സ്റ്റേഷനു സമീപമുള്ള ബ്യൂട്ടി പാര്‍ലറിലെത്തി എം.പി. താടി വടിക്കുന്നു കാണാന്‍ ഭാര്യ കെ.എ. തുളസി അടക്കമുള്ളവര്‍ എത്തിയിരുന്നു. ഒറ്റത്തവണത്തേക്കു മാത്രതെന്നു ശ്രീകണ്ഠന്‍ പ്രഖ്യാപിച്ച ഷേവിങ് ക്യാമറയില്‍ പകര്‍ത്താന്‍ മാധ്യമപ്പടയുമെത്തി.