തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണത്താല്‍ തിരുവനന്തപുരം പുല്ലുവിളയിലെ വയോധിക മാത്രമല്ല മരിച്ചത്. കഴിഞ്ഞ ദിവസം കൊട്ടാരക്കര വേലംകോണം തയ്യില്‍ പുത്തന്‍വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍(44)ഉം മരിച്ചിരുന്നു. നായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.
തിരുവനന്തപുരം പുല്ലുവിളയില്‍ ഇന്നലെ 16 വയസ്സുള്ള വിദ്യാര്‍ഥി ഉള്‍പ്പെടെ നാലുപേര്‍ക്കു കൂടി കടിയേറ്റു. ഇടുക്കിയില്‍ 14 പേര്‍ക്കും പാലക്കാട് 8 പേര്‍ക്കും കടിയേറ്റു.
കടിയേറ്റപ്പോള്‍ അതിന് വേണ്ട ചികിത്സ നടത്താതിരുന്ന ഉണ്ണികൃഷ്ണന് രണ്ടുദിവസം മുന്‍പു പേബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതിനിടെ, തെരുവുനായശല്യം നേരിടാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചു. ശല്യം രൂക്ഷമായ മേഖലകളില്‍ അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. അക്രമകാരികളായ നായ്ക്കളെ കൊല്ലുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അതിനു നിയമതടസ്സമില്ലെന്നും മന്ത്രി കെ.ടി. ജലീല്‍ വ്യക്തമാക്കി.
ആക്രമണകാരികളായ തെരുവു നായ്ക്കളെ വെറ്ററിനറി സര്‍ജന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നതിനനുസരിച്ചു നശിപ്പിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ തീരുമാനിച്ചു.