ആലപ്പുഴ: ഒടുവിൽ സുഭാഷ് വാസു ബിഡിജെഎസിൽ നിന്നും പുറത്തായി .ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. വന്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നും പാര്‍ട്ടിയില്‍ വിമതനീക്കം നടത്തിയതിനുമാണു ബിഡിജെഎസ് സംസ്ഥാന കൗണ്‍സിന്റെ നടപടിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. കള്ള ഒപ്പിട്ട് സുഭാഷ് വാസു അഞ്ചു കോടി രൂപയുടെ തട്ടിപ്പ് നടത്തി. പാര്‍ട്ടി നോമിനി ആയി ലഭിച്ച സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സുഭാഷ് വാസു രാജിവയ്ക്കണം. വച്ചില്ലെങ്കില്‍ ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും തുഷാര്‍. വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് പച്ചക്കള്ളങ്ങളാണ് സുഭാഷ് വാസുവും ടി.പി. സെന്‍കുമാറും പറയുന്നത്. പല അപടകമരണങ്ങളും തന്റേയും വെള്ളാപ്പള്ളി നടേശന്റേയും തലയില്‍ കെട്ടിവയ്ക്കുകയാണ്. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ പോലും ആരോപിക്കാത്ത കാര്യങ്ങളാണ് ഇവര്‍ പറയുന്നതെന്നും തുഷാര്‍.
സാമ്പത്തിക തിരിമറിയില്‍ സുഭാഷ് വാസുവിനോട് പാര്‍ട്ടി വിശദീകരണം തേടിയെങ്കിലും അതു നല്‍കാതെ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത് വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരേ രൂക്ഷമായ ആരോപണങ്ങളാണ് സുഭാഷ് വാസു ഉന്നയിച്ചത്. വെള്ളപ്പള്ളി നടേശനും കുടുംബത്തിനും കൊലക്കേസുകളില്‍ പങ്കുണ്ടെന്നും ഇത് വെളപ്പെടുത്തുമെന്നും കായംകുളത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുഭാഷ് വാസു ആരോപിച്ചിരുന്നു.
വെള്ളാപ്പള്ളി കുടുംബത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അത്ര തെളിവുകള്‍ കൈവശമുണ്ട്. വെള്ളാപ്പള്ളിയുടെ തുഷാറിന് 500 കോടിയുടെ ആസ്തിയുണ്ടെന്നും നാമനിര്‍ദേശപത്രികയിലുള്ളത് 1.80 കോടി മാത്രമെന്നും സുഭാഷ് വാസു ആരോപിച്ചു. വെള്ളാപ്പള്ളി കുടുംബം ഈഴവസമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണന്നും കുറ്റപ്പെടുത്തി.
ബിഡിജെഎസിന്റെ പ്രസിഡന്റ് താനാണ്. തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന വാദം തെറ്റാണ്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി സീറ്റ് കച്ചവടം നടത്തി. തെരഞ്ഞെടുപ്പ് കാലത്ത് നടന്നത് വെള്ളാപ്പള്ളിയും എല്‍ഡിഎഫുമായുള്ള കുതിര കച്ചവടമാണെന്നും തുഷാറും കുടുംബവും എന്‍ഡിഎയെ വഞ്ചിച്ചുവെന്നും സുഭാഷ് വാസു ആരോപിച്ചു. തുഷാറില്‍ നിന്ന് വധഭീഷണി ഉണ്ടെന്നും സുഭാഷ് വാസു പറഞ്ഞു. വെള്ളാപ്പള്ളിയുടെ കുടുംബത്തിന് മക്കാവോയില്‍ നക്ഷത്ര ഫഌറ്റുണ്ട്. താന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ലെന്നും സുഭാഷ് വാസു അന്നു പറഞ്ഞിരുന്നു.