ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ദൂതനെ അയച്ചു!പുതിയ വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി

തിരുവന്തപുരം:കോൺഗ്രസിൽ ഗ്രുപ്പ് പോര് ശക്തമായിരിക്കെ പുതിയ വിവാദ പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശൻ . ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്താന്‍ സഹായം തേടി ഉമ്മന്‍ചാണ്ടി ദൂതനെ അയച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയിരിക്കുന്നത് . 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്തരമൊരു നീക്കം.യുഡിഎഫിന് അധികാരം ലഭിച്ചേക്കാവുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ പ്രധാന എതിരാളിയായി ഉയര്‍ന്ന് വന്നേക്കാവുമെന്ന പ്രതീക്ഷിച്ചിരുന്ന രമേശ് ചെന്നിത്തലയെ ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചുവെന്നാണ് വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈന്‍ എന്ന അഭിമുഖ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.


തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജയിപ്പിക്കണമെന്ന് പറഞ്ഞ് മാത്രമല്ല, തോല്‍പ്പിക്കണമെന്ന് പറഞ്ഞും ചിലര്‍ സമീപിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കണമെന്ന് പറഞ്ഞ് ഒരു ദൂതന്‍ വന്നിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ദൂതനായിട്ടായിരുന്നു അയാളുടെ വരവ്. അവരുടെ സഭയുടെ (ഓര്‍ത്തഡോക്സ്) ഏഴായിരത്തിലധികം വോട്ടുകള്‍ ഹരിപ്പാട് മണ്ഡലത്തിലുണ്ട്. അവർ മാറി വോട്ട് ചെയ്യും നിങ്ങൾ കൂടി സഹായിച്ചാൽ രമേശ് ചെന്നിത്തലയെ തോൽപ്പിക്കാം’ എന്നാണ് ദൂതൻ പറഞ്ഞത്.

ഇത് ഉമ്മന്‍ചാണ്ടി പറഞ്ഞയച്ച ആളാണ് എന്ന് ഞാന്‍ പറയുന്നില്ല. ആ സഭ എന്ന് പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ സഭയാണ്. ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ മതി. എന്നാല്‍ ആ പണിക്ക് പോവാന്‍ ഞങ്ങളെ കിട്ടില്ല എന്നായിരുന്നു എന്റെ മറുപടി. രമേശ് ചെയ്യിക്കാനാണ് അവിടെ സാധ്യത. മാത്രമല്ല, ഞങ്ങളുടെ ആളുകള്‍ അദ്ദേഹത്തിന് വേണ്ടി ശാഖകളും യൂണിയനുകളും കയറി അതിനോടകം തന്നെ പ്രവര്‍ത്തനം തുടങ്ങാനും സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എതിരായില്‍ പ്രവര്‍ത്തിക്കാന്‍ പറയാന്‍ പ്രയാസമാണെന്നും പറഞ്ഞു.

രാഷ്ട്രീയക്കാര്‍ എല്ലാവരും വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണോയെന്ന് ചോദിക്കുമ്പോള്‍ പലരില്‍ നിന്നും എനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേ രമേശ് ചെന്നിത്തലയാണ് എന്നെ അറസ്റ്റ് ചെയ്ത് അകത്തിടാന്‍ ഓര്‍ഡറിട്ടത്. അന്നത്തെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ലെറ്റര്‍ ഹെഡില്‍ എഴുതിക്കൊടുത്ത പരാതിയിലായിരുന്നു അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടല്‍. അത് രമേശനും സുധീരനും ചെയ്യാന്‍ പാടുണ്ടോയെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിക്കുന്നു.

Top