നെഹ്‌റു മൂന്നാം ക്ലാസ്സുകാരനെന്ന സുബ്രഹ്മണ്യം സ്വാമിയുടെ പരാമര്‍ശം വിവാദമാകുന്നു

ദില്ലി:ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് മൂന്നാം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂവെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പരാമര്‍ശം വിവാദമാകുന്നു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) യുടെ പേര് മാറ്റണമെന്നും സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. നെഹ്‌റു വെറും മൂന്നാം ക്ലാസ് പാസായ ആളാണ് എന്നാണ് സ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ സുഭാഷ് ചന്ദ്ര ബോസ് അങ്ങനെയല്ല. ഉന്നത വിദ്യാഭ്യാസം ഉണ്ടായിരുന്നു. അതുകൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയ്ക്ക് സുഭാഷ് ചന്ദ്ര ബോസിന്റെ പേര് നല്‍കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വാമി പറഞ്ഞു. സുബ്രഹ്മണ്യം സ്വാമിയെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാാനിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. ഇതിനിടെയാണ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എതിരെ സ്വാമി ട്വിറ്ററില്‍ വിമര്‍ശനം ഉന്നയിച്ചത്. അവര്‍ നക്‌സലൈറ്റുകളാണെന്നായിരുന്നു ആക്ഷേപം. സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നുകള്‍ ഉപയോഗിയ്ക്കുന്നുണ്ട്. ജെന്‍എന്‍യുവില്‍ ആന്റി നാര്‍കോട്ടിക് ബ്യൂറോയുടെ ഒരു ബ്രാഞ്ച് തുടങ്ങണം. നക്‌സലുകളും ജിഹാദികളും ഒക്കെയാണ് അവിടെ ഉള്ളത്. ക്യാമ്പസില്‍ ഒരു ബിഎസ്എഫ് ക്യാമ്പ് തുടങ്ങണം എന്നും സ്വാമി ട്വീറ്റ് ചെയ്തിരുന്നു.

Top