പ്രശസ്ത സിനിമാ താരം പെരിയാറില്‍ മരിച്ചനിലയില്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആലുവ പെരിയാര്‍ കേന്ദ്രീകരിച്ച് ചിത്രീകരിച്ച ‘നദി’യിലൂടെ അഭിനയ ലോകത്തെത്തിയ എറണാകുളം അയ്യപ്പന്‍കാവ് സെമിത്തേരി മുക്കിന് സമീപം പണിക്കാശേരി വീട്ടില്‍ പി.വി. ഏണസ്റ്റ് (74) ആണ് ആദ്യ സിനിമയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന പെരിയാറില്‍ തന്നെ ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ ആലുവ മണപ്പുറത്ത് പെരിയാറില്‍ ആണ് ഏണസ്റ്റിന്റെ മൃതദേഹം കാണപ്പെട്ടത്. എറണാകുളം പോലീസ് കമ്മിഷണര്‍ ഓഫീസിലെ യു.ഡി ക്ലാര്‍ക്ക് ആയിരുന്നു.ഞായറാഴ്ച രാവിലെ ആറു മണിയോടെ മണപ്പുറത്തെത്തിയ ഏണസ്റ്റ് പാന്റും ഷര്‍ട്ടും മാറാതെ തന്നെ പടവുകള്‍ ഇറങ്ങി പെരിയാറിലേക്ക് നടക്കുകയായിരുന്നു.
പത്ത് മീറ്റര്‍ പോലും ഇറങ്ങും മുമ്പേ ചെളിയില്‍ പുതഞ്ഞ് താണു. ആലുവ ഫയര്‍ഫോഴ്‌സ് എത്തി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അജ്ഞാതന്‍ എന്ന നിലയിലാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഇതിനിടെ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഏണസ്റ്റിനെ കാണാനില്ലെന്ന് മകന്‍ റെലന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇടതുകാലില്‍ കാന്‍സര്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഏണസ്റ്റ് ഏറെ മനോവിഷമത്തിലായിരുന്നു. നദി സിനിമക്ക് ശേഷം ഏണസ്റ്റ് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ കെ. മധുവിന്റെ ചിത്രങ്ങളില്‍ സ്ഥിരം അഭിനേതാവായി. നടന്‍ ദിലീപിനൊപ്പവും വേഷമിട്ടിട്ടുണ്ട്. ആലുവ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തിങ്കളാഴ്ച മൂന്നുമണിക്ക് സെമിത്തേരിമുക്ക് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും. ഭാര്യ: ഗ്രേസി(റിട്ട. ആര്‍.ഐ, മുനി. കോമണ്‍ സര്‍വീസ്) മകന്‍: റെലന്‍ (ഡയറക്ടര്‍, റെലാന്‍ ഏണസ്റ്റ് പ്രൊഡക്ഷന്‍സ്). മരുമകള്‍: ലക്ഷ്മി ശശികുമാര്‍.