
തിരുവനന്തപുരം :വി ഡി സതീശൻ കസേരയിൽ ഇരുന്നതിനുശേഷം വാർത്ത സമ്മേളനത്തിന് എത്തുന്ന മാധ്യമ പ്രവർത്തകരെ തറയിൽ അടിയാനെ പോലെ ഇരുത്തി എന്ന ആരോപണം .വാർത്ത സമ്മേളനത്തിന് പോയ മാധ്യമ പ്രവർത്തകരോട് ‘അയിത്തം പോലെ മേൽക്കോയ്മ കാട്ടിയ പ്രതിപക്ഷ നേതാവിന് എതിരെ പരാതിയുമായി വന്നിരിക്കുന്നത് .അതും പ്രബുദ്ധമായ കേരളത്തിൽ.ദേശാഭിമാനിയിലെ സുജിത് ബേബി ആണ് ചിത്രം സഹിതം ആരോപണം ഉന്നയിച്ചിരിക്കുന്നത് .
പോസ്റ്റ് പൂർണ്ണമായി :
UDF യോഗത്തിന് ശേഷം വി ഡി സതീശനും എം എം ഹസനും വാർത്താസമ്മേളനം നടത്തുന്നതാണ് ചിത്രത്തിൽ.പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ വാർത്താസമ്മേളനങ്ങൾക്ക് പലകുറി പോയിട്ടുണ്ട്. ഇന്നും പോയി. അവിടെയിരിക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുള്ളൊരു കാര്യമാണിത്.
ക്ഷണം സ്വീകരിച്ച് വാർത്താസമ്മേളനത്തിന് എത്തുന്ന മാധ്യമപ്രവർത്തകർക്ക് മര്യാദയ്‌ക്കൊന്നിരിക്കാൻ പോലും സ്ഥലമില്ല. പഴയകാല ജന്മിമാരെ അനുസ്മരിപ്പിക്കും വിധത്തിൽ വിശാലമായ വരാന്തയിലെ കസേരയിൽ പ്രതിപക്ഷ നേതാവ്. ഇരുവശങ്ങളിലുമായി നാലും മൂന്നുമേഴ് കസേരയും നിരത്തിയിട്ടുണ്ടാകും. അതിൽ പകുതിയിൽ രണ്ടാംനിര നേതാക്കൾ ഇടം പിടിച്ചിട്ടുണ്ടാകും. ശേഷിക്കുന്ന കസേരയുണ്ടെങ്കിൽ ഇരിക്കാം. ബാക്കിയുള്ളവർക്ക് പോർട്ടിക്കോയിൽ നിൽക്കാം. അൽപ്പംകൂടി കടന്ന് സതീശന്റെ കാൽച്ചുവട്ടിൽ ചമ്രം പടിഞ്ഞിരുന്ന് ചോദ്യങ്ങളുന്നയിക്കാനും അവസരമുണ്ട്.
ഇരുവശങ്ങളിലുമുള്ള കസേരയിലിരിക്കുന്നവർ ചോദ്യം ചോദിച്ചാൽ പ്രതിപക്ഷ നേതാവിന് ഒരു സൗകര്യമുണ്ട്. ഇഷ്‌ടമുള്ള ചോദ്യത്തിന് മാത്രം മുഖം കൊടുത്താൽ മതി. ബാക്കിയുള്ളത് കേട്ടില്ലെന്ന് വെക്കാനും എളുപ്പമാണ്.
ചെന്നിത്തല വരെയുള്ള പ്രതിപക്ഷ നേതാക്കൾ ഈ വസതി ഉപയോഗിച്ചിരുന്നപ്പോൾ വരാന്തയോട് ചേർന്നുള്ള ഹാളിലായിരുന്നു വാർത്താ സമ്മേളനങ്ങൾ നടത്തിയിരുന്നത്. കോവിഡ് കാലത്ത് സാമൂഹ്യ അകലത്തിന്റെ പേരിലായിരുന്നു മാധ്യമപ്രവർത്തകരെ പുറത്തിറക്കിയത്. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയിട്ടും കന്റോൺമെന്റ് ഹൗസിനുള്ളിലെ ഹാളിലേക്കുള്ള പ്രവേശന നിയന്ത്രണം നീങ്ങിയിട്ടില്ല.
ഇഷ്ടമില്ലാത്ത ചോദ്യങ്ങളോട് പുഛസ്വരത്തിൽ മാത്രം പ്രതികരിക്കുന്ന പ്രതിപക്ഷ നേതാവ് ക്ഷണിച്ചുവരുത്തുന്നവരെ കാൽച്ചുവട്ടിൽ ഇരുത്താതിരിക്കാനുള്ള മാന്യത പുലർത്താനെങ്കിലും തയ്യാറാകണം. മാധ്യമപ്രവർത്തകരോട് എങ്ങിനെ പെരുമാറണമെന്ന് മറ്റുള്ളവർക്ക് ക്ലാസെടുക്കാൻ മിടുക്കുള്ള പ്രതിപക്ഷ നേതാവ് താൻ വിളിച്ച് വരുത്തുന്നവരെ കാൽചുവട്ടിലിരുത്തി ഈ ക്ലാസെടുക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം.
ഇത് മറ്റെവിടെയെങ്കിലുമല്ലാത്തതിനാൽ മാധ്യമപ്രവർത്തകരെ പുറത്തുനിർത്തിയെന്ന കരച്ചിലിന് സ്കോപ്പില്ല. ‘കടക്ക് പുറത്ത്’ നിലവിളിയുമായി വരുന്നവരുടെ പ്രത്യേക ശ്രദ്ധയ്‌ക്ക് ‘വിളിച്ച് വരുത്തിയവരെ’ക്കുറിച്ചാണ് പോസ്റ്റ്