ഭരിക്കുന്നത് സര്‍ക്കാരല്ല, പാര്‍ട്ടിയെന്ന് പ്രതിപക്ഷനേതാവ്. മുഖ്യനു പോലും നിയന്ത്രണമില്ലാത്ത ഭരണം

കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല പാര്‍ട്ടിയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മാതമംഗലത്ത് ചുമട്ടുതൊഴിലാളി യൂണിയന്റെ ഉപരോധം കാരണം ഒരു കടയും ഭീഷണികാരണം മറ്റൊരു കടയും പൂട്ടിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടാണ് വിഡി സതീശന്‍ രംഗത്തു വന്നത്.

കേരളം ഭരിക്കുന്നത് സര്‍ക്കാരല്ലെന്നും ചുവപ്പ് ഭീകരതയാണെന്നും സതീശന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മുഖ്യമന്ത്രി പ്രവാസികളെ നിക്ഷേപത്തിനായി കേരളത്തിലേക്ക് ക്ഷണിക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ നിക്ഷേപകരെ പീഡിപ്പിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പൊലീസിനെ പാര്‍ട്ടിക്ക് കീഴിലാക്കിയെന്നും സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. മാതമംഗലം-പേരൂല്‍ റോഡിലെ എസ്.ആര്‍. അസോസിയേറ്റ്സ് എന്ന ഹാര്‍ഡ്വെയര്‍ കടയും മാതമംഗലം പമ്പിനു സമീപത്തെ കംപ്യൂട്ടറും സി.സി.ടി.വി.യും വില്‍ക്കുന്ന എ.ജെ. സെക്യൂടെക് ഐ.ടി. സൊലൂഷന്‍സ് എന്ന കടയുമാണ് അടച്ചത്.

ആറുമാസം മുന്‍പ് തുടങ്ങിയ എസ്.ആര്‍. അസോസിയേറ്റ്സിനു സമീപം 50 ദിവസമായി സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികള്‍ ഉപരോധസമരം നടത്തുകയാണ്. കയറ്റിയിറക്കിന് കോടതി വിധിയെത്തുടര്‍ന്ന് നാലു ജീവനക്കാരെ നിയമിച്ചതാണ് പ്രശ്നത്തിനു കാരണം. ആദ്യം കടയില്‍ കയറി ജീവനക്കാരെ ആക്രമിച്ചിരുന്നു. പിന്നീട് ഉപരോധം ആരംഭിക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ

സിഐടിയു നേതൃത്വത്തില്‍ 50 ദിവസമായി സമരം തുടരുന്ന മാതമംഗലത്തെ എസ് ആര്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനം ഉടമ തന്നെ പൂട്ടി. ഈ കടയില്‍ നിന്ന് സാധനം വാങ്ങിയതിന്റെ പേരില്‍ സിഐടിയുക്കാരുടെ മര്‍ദ്ദനമേറ്റ അഫ്സല്‍ തന്റെ കംപ്യൂട്ടര്‍ സ്ഥാപനവും പൂട്ടി. മുഖ്യമന്തിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലാണ് സംഭവം. എന്നിട്ടും സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല.

എസ്ആര്‍ അസോസിയേറ്റ്സിന് ലൈസന്‍സ് ഇല്ലെന്നാണ് തൊഴില്‍ മന്ത്രിയുടെ വാദം. ലൈസന്‍സ് ഉണ്ടെന്ന് എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയതോടെ സിഐടിയുക്കാരെ വെള്ളപൂശാനുള്ള മന്ത്രിയുടെ ശ്രമം പൊളിഞ്ഞു. കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ നിയമിക്കാന്‍ ഹൈക്കോടതി വിധി വാങ്ങിയെന്നതാണ് സ്ഥാപനം ഉടമ ചെയ്ത കുറ്റം.

സിഐടിയുക്കാര്‍ ആദ്യം കടയില്‍ കയറി ജീവനക്കാരെ ആക്രമിച്ചു. പിന്നാലെ ഉപരോധം തുടങ്ങി. കടയില്‍ വരുന്നവരെ തടഞ്ഞു, ഭീക്ഷണിപ്പെടുത്തി, കായികമായി ആക്രമിച്ചു. ഇതോടെ 70 ലക്ഷത്തിലധികം രൂപ മുടക്കി തുടങ്ങിയ സ്ഥാപനം ഉടമയ്ക്ക് പൂട്ടണ്ടി വന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, കേരളത്തില്‍ എന്താണ് നടക്കുന്നത്. ഇതാണോ നിക്ഷേപ സൗഹൃദ അന്തരീക്ഷം. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോയി നിക്ഷേപം ക്ഷണിക്കുന്നു. മറുഭാഗത്ത് നാട്ടില്‍ തന്നെയുള്ള നിക്ഷേപിക്കുന്നവരെ തൊഴില്‍ സംരക്ഷണത്തിന്റെ പേരില്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. തളിപ്പറമ്പ് ആന്തൂരില്‍ പ്രവാസി വ്യവസായി സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാരാണ്? കൊല്ലം പുനലൂരില്‍ വര്‍ക്ക്ഷോപ്പ് തുടങ്ങിയ സുഗതന് അവിടെ തന്നെ ജീവനൊടുക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? സിപിഎമ്മിനും ഇടത് മുന്നണിക്കും പാപഭരത്തില്‍ നിന്നൊഴിയാനാകില്ല.

ഇവിടെ ഭരിക്കുന്നത് സര്‍ക്കാരല്ല പാര്‍ട്ടിയാണ്. പാര്‍ട്ടി തീരുമാനിക്കുന്നു, നടപ്പാക്കുന്നു. മുഖ്യമന്ത്രിക്ക് പോലും നിയന്ത്രണമില്ല. പ്രവാസികളെ നിക്ഷേപത്തിന് ക്ഷണിക്കുന്നു. നിക്ഷേപകരെ പാര്‍ട്ടിക്കാര്‍ പീഡിപ്പിച്ച് സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നു. എന്തൊരു ക്രൂരതയാണിത്? സര്‍ക്കാരിന്റെ നയം ഒന്ന് പ്രവര്‍ത്തി മറ്റൊന്ന്.

വിവാഹ പാര്‍ട്ടിക്ക് നേരെ ഉണ്ടായ ബോംബേറില്‍ വരന്റെ സുഹൃത്ത് മരിച്ചു. ഇതും കണ്ണൂരിലാണ്. ബോംബ് നിര്‍മാണവും ആക്രമണവും കണ്ണൂരിന് പുതുതല്ല. സിപിഎമ്മിന് അതില്‍ എക്കാലത്തും പങ്കുണ്ടായിരുന്നു.

വേണമെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ വച്ചും ബോംബുണ്ടാക്കുമെന്ന് പറഞ്ഞ നേതാക്കളുടെ നാടാണ് കണ്ണൂര്‍. ബോംബ് പൊട്ടി തലയോട്ടി തകര്‍ന്ന് യുവാക്കള്‍ മരിക്കുമ്പോള്‍ ഈ നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളത്? സംസ്ഥാനത് അക്രമപരമ്പരകളും ഗുണ്ടാ വിളയാട്ടവുമാണ്. പൊലീസിനെ നോക്കുകുത്തിയാക്കി. പൊലീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടി കേന്ദ്രങ്ങളാണ്.

പഴയകാല സെല്‍ ഭരണത്തിന്റെ രീതിയിലാണ് കര്യങ്ങള്‍ പോകുന്നത്. ആഭ്യന്തര വകുപ്പിന് നാഥനില്ലാത്ത അവസ്ഥ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പ്രാഥമിക ദൗത്യം പോലും നിര്‍വഹിക്കാനാകാത്ത വിധം കേരളത്തിലെ പൊലീസിനെ പാര്‍ട്ടിയുടെ കാല്‍ക്കീഴിലാക്കിയ മുഖ്യമന്ത്രിക്ക് ഇനി എന്ത് പറയാനുണ്ടെന്നും പ്രതിപക്ഷ നേതാവ് തന്റെ ഫേസ് ബുക്ക് പോസ്റ്റഇലൂടെ ചോദിച്ചു.

Top