പിണറായി വിജയനെയും സിപിഐഎമ്മിനുമെതിരെ വീണ്ടും എന്‍എസ്എസ്. ഇലക്ഷനുകളില്‍ സമദൂര സിദ്ധാന്തം എന്ന നയം എന്‍എസ്എസ് മാറ്റിവെക്കുമെന്നാണ് സൂചന.എന്‍.എസ്.എസ്. പറഞ്ഞാല്‍ നായന്മാര്‍ കേള്‍ക്കുമോയെന്നു കാണിച്ചുകൊടുക്കുമെന്ന് സുകുമാരന്‍ നായര്‍ സര്‍ക്കാരിന് മറുപടി നല്‍കുകയാണ്. എന്‍.എസ്.എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന, ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ ജനിക്കുന്നതിനു മുമ്പ് നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണ് ഇതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സംസ്‌കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ അല്ല കേരളത്തിലുള്ളതെന്നതിന് അവരുടെ ഭാഷ തെളിവാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. നായര്‍ സര്‍വീസ് സൊസൈറ്റി പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്നാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്റെ അഭിപ്രായം.
ആരുകേള്‍ക്കുമെന്ന് ഉടന്‍ തെളിയിക്കാം. എന്‍.എസ്.എസ്. പറയുന്നത് ആരും കേള്‍ക്കില്ലെന്നു പറഞ്ഞവര്‍ക്ക് എന്‍.എസ്.എസിനെക്കുറിച്ച് ഒന്നുകില്‍ അറിയില്ല, അല്ലെങ്കില്‍ രാഷ്ട്രീയലാഭം മുന്‍നിര്‍ത്തി പറഞ്ഞതാണ്-ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ കൂടുന്നിടത്തൊക്കെ നവോത്ഥാന നായകനായ മന്നത്ത് പത്മനാഭന്റെ ഛായാചിത്രം വയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്തു. താലൂക്ക് യൂണിയന്‍ പ്രതിഭാ സംഗമം പെരുന്നയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു എന്‍ എസ് എസിന്റെ പിണറായി സര്‍ക്കാരിനെതിരായ കടന്നാക്രമണം.