കരയോഗങ്ങള്‍ക്ക് നേരെ തുടരുന്ന അക്രമങ്ങള്‍; ശബരിമല എന്‍എസ്എസിന് പണിയാകുന്നോ?

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ധിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ വിവിധ കരയോഗങ്ങള്‍ക്ക് നേരെ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ആക്രമങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കരയോഗ മന്ദിരത്തിന് നേരെയും അക്രമം ഉണ്ടായി.

കൊട്ടാരക്കര വാളകത്തിന് അടുത്ത് പൊലിക്കോട് ശ്രീ മഹാദേവര്‍ വിലാസം കരയോഗത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. കരയോഗത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം അക്രമികള്‍ തകര്‍ക്കുകയായിരുന്നു. എന്നാല്‍ ആരാണ് അക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തില്‍ കരയോഗ ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി.

ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത് കഴിഞ്ഞ മാസം തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ നിലയ്ക്കലില്‍ വലിയ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

പോലീസ് നടപടികളില്‍ വലിയൊരു ശതമാനം നായര്‍ ജനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അവരെ സംരക്ഷിക്കുന്ന തരത്തിലുള്ള യാതൊരുവിധത്തിലുള്ള നീക്കങ്ങളും എന്‍എസ്എസ് ഭാരവാഹികള്‍ കൈക്കൊണ്ടിരുന്നില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് നായര്‍ സമൂഹത്തില്‍ നിന്ന് ഉണ്ടായത്. ന്‍െഎസ്എസിന്റെ നിലപാടിനെതിരെ വ്യാപകമായി പ്രതിഷേധം നിലനില്‍ക്കുകയാണ്. അപ്പോഴാണ് കരയോഗങ്ങള്‍ ആക്രമിക്കപ്പെടുന്നത്.

തിരുവന്നതപുരത്ത് കരയോഗ മന്ദിരത്തിന് നേരെ കല്ലേറ് ഉണ്ടാവുകയും എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വെക്കുകയും ചെയ്തിരുന്നു. പരവൂരിലും കരയോഗ മന്ദിരത്തിന് നേരെ കല്ലേറ് ഉണ്ടാവുകയും കൊടിമരങ്ങല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ആലപ്പുഴയിലെ നൂറനാട്, കുടശിനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി കെട്ടി റീത്ത് വെക്കുകയും ചെയ്തിരുന്നു. എന്‍എസ്എസിനെ വിമര്‍ശിച്ചുകൊണ്ടുള്ള റീത്തായിരുന്നു വച്ചിരുന്നത്

Top